പാലക്കാട്: അട്ടപ്പാടിയില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മധുവിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മര്‍ദ്ദനമേറ്റാണ് മധു മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് തെളിഞ്ഞിരിക്കുന്നത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

നെഞ്ചില്‍ ചവിട്ടേറ്റ പാടുകളും ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. 307,302,324 എന്നി വകുപ്പുകള്‍ ചേര്‍ത്ത് കേസന്വേഷിക്കുമെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് െഎ. ജി. എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. എസ് എസ് എടി ആക്ടും ചേര്‍ത്ത് കേസെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

 ഇന്ന് രാവിലെ 11.30 തോടുകൂടിയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്.. മുന്നര മണിക്കൂറോളം നീണ്ട നിന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. സംഭവുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡില്‍ എടുത്തിരുന്നു. മധുവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.