പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നതാണെന്ന് അമ്മ മല്ലി മാധ്യമങ്ങളോട് പറഞ്ഞു. നാട്ടുകാരാണ് മകനെ തല്ലിക്കൊന്നത്. പ്രദേശത്തെ ഡ്രൈവർമാരടക്കമുള്ളവരാണ് മർദ്ദിച്ചത്. മകനെ തല്ലിക്കൊന്ന കുറ്റവാളികളെ പിടിക്കണം. അവന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. അവന്‍ മോഷ്ടിക്കില്ലെന്നും അമ്മ പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ച കടുകുമണ്ണ ആദിവാസി ഊരിലെ മധു മരിച്ചത്. ഇയാളെ നാട്ടുകാർ മർദ്ദിച്ചതായാണ് ആരോപണം. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. അട്ടപ്പാടി മുക്കാലിയിലായിരുന്നു സംഭവം. പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാർ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തതായി ആരോപണമുണ്ട്.
ഏറെക്കാലമായി ഈ പ്രദേശത്ത് കടകളിൽ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്. എന്നാൽ പൊലീസ് വാഹനത്തിൽ മധുവിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു ഛര്‍ദ്ദിച്ചു, പിന്നാലെ കുഴഞ്ഞു വീണ മധുവിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.
