ലഖ്നൗ: 'നാസ'യില്‍ ജോലി കിട്ടിയെന്നവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ 20-കാരന്‍ അറസ്റ്റിലായി. നാസയുടെ ഒരു പദ്ധതിയിലേക്ക് തന്നെ തെരഞ്ഞെടുത്തെന്നും പ്രതിമാസം 1.85 കോടിയാണ് ശമ്പളമെന്നും അവകാശപ്പെട്ട 12- ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മധ്യപ്രദേശ് സ്വദേശി അന്‍സാര്‍ ഖാന്‍ ആണ് പിടിയിലായത്. 

യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയുടെ കൈയൊപ്പോടു കൂടി കൃത്രിമമായി നിര്‍മിച്ച ഐ.ഡി കാര്‍ഡാണ് അന്‍സാര്‍ ഖാന് കുരുക്കായത്. ആദ്യ ശമ്പളം കിട്ടിയാല്‍ തിരിച്ചുതരാമെന്ന് പറഞ്ഞ് ഇയാള്‍ നിരവധി പേരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് നാട്ടുകാരും സ്‌കൂള്‍ അധികൃതരുമടക്കം നിരവധി പേര്‍ ഇയാള്‍ക്ക് സ്വീകരണം നല്‍കിയിരുന്നു.

സുഹൃത്തിന്‍റെ സ്റ്റുഡിയോയില്‍ നിന്ന് പ്രിന്‍റ് ഔട്ടെടുത്ത ഐ.ഡി കാര്‍ഡ് കാണിച്ചാണ് അന്‍സാര്‍ ഖാന്‍ നാസക്കാരനായി വിലസിയത്. അടുത്ത മാസം അമേരിക്കയിലേക്ക് പറക്കുമെന്നാണ് പാസ്‌പോര്‍ട്ട് പോലുമില്ലാത്ത ഖാന്‍ എല്ലാവരോടും പറഞ്ഞത്. 

നാസയില്‍ തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ഭാഗമായി അഭിനന്ദന യോഗം വേണമെന്നാവശ്യപ്പെട്ട് ഇയാള്‍ കമാല്‍പൂര്‍ പൊലീസിനെയും നഗരസഭാ അധികൃതരെയും സമീപിച്ചു. അന്‍സാര്‍ ഖാന്‍ കാണിച്ച ഐ.ഡി കാര്‍ഡില്‍ ഒബാമയുടെ ഒപ്പ് കണ്ടതോടെ പൊലീസ് എസ്.പി ശശികാന്ത് ശുക്ലക്ക് സംശയം തോന്നിയതോടെയാണ് കള്ളി വെളിച്ചത്തായത്. 

യു.എസ് ഗവണ്‍മെന്റിന്‍റെ കീഴിലുള്ള സ്വതന്ത്ര ഏജന്‍സിയായ നാസയുടെ ഐ.ഡി കാര്‍ഡുകളില്‍ പ്രസിഡണ്ടോ ഗവണ്‍മെന്റ് പ്രതിനിധികളോ ഒപ്പുവെക്കുക പതിവില്ല. ഐ.ഡി കാര്‍ഡ് ഒറിജിനലാണോ എന്നന്വേഷിക്കാന്‍ എസ്.പി ഉത്തരവിട്ടു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു.