ഹാട്രിക് വിജയം കുറിച്ച ശിവ് രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ഒരിക്കല്‍ കൂടി അധികാരത്തിലേറാം എന്ന പ്രതീക്ഷ ബിജെപി പങ്കുവയ്ക്കുമ്പോള്‍ ജ്യോതിരാധിത്യ സിന്ധ്യയുടെ യുവത്വത്തിലും ശേഷിയിലും കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് സംശയമില്ല. എന്തായാലും തിരഞ്ഞെടുപ്പ് പോരാട്ടം തീപാറുമെന്നുറപ്പാണ്
ഭോപ്പാൽ: ആസന്നമായ പൊതുതിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന വിശേഷണത്തിലാകും മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനെ ഇന്ത്യന്‍ രാഷ്ട്രീയം വിലയിരുത്തുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാര്യങ്ങള്‍ യുദ്ധസമാനമാണ്. ഒന്നരപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് മധ്യപ്രദേശില്‍ ബിജെപി ഇക്കുറി നേരിടുന്നത്.
ഹാട്രിക് വിജയം കുറിച്ച ശിവ് രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ഒരിക്കല്‍ കൂടി അധികാരത്തിലേറാം എന്ന പ്രതീക്ഷ ബിജെപി പങ്കുവയ്ക്കുമ്പോള്‍ ജ്യോതിരാധിത്യ സിന്ധ്യയുടെ യുവത്വത്തിലും ശേഷിയിലും കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് സംശയമില്ല. എന്തായാലും തിരഞ്ഞെടുപ്പ് പോരാട്ടം തീപാറുമെന്നുറപ്പാണ്.
അതിനിടയിലാണ് ബിജെപി ക്യാംപിനെ ആശങ്കയിലാഴ്ത്തി ആറ് പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാനായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ താത്പര്യമുണ്ടെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തിന് ശേഷം സംസ്ഥാനത്തെ ആറ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കി. സിപിഎം,സിപിഐ തുടങ്ങി എട്ട് പാര്‍ട്ടികളാണ് ഇന്നലെ യോഗം ചേര്‍ന്നത്. ലോക്താന്ത്രിക് ജനതാദൾ എന്ന എൽജെഡി, സമാജ്വാദി പാർട്ടി ബഹുജൻ സംഘർഷ് ദൾ, ഗോണ്ട്വാന ഗണതന്ത്ര പാർട്ടി, രാഷ്ട്രീയ സാമന്ത ദൾ, പ്രജാതാന്ത്രിക് സമാധാൻ പാർട്ടി എന്നവരാണ് സിപിഎമ്മിനും സിപിഐക്കും പുറമെ യോഗത്തില്‍ പങ്കെടുത്തത്.
ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ടതുണ്ടെന്നായിരുന്നു ആറ് പാര്‍ട്ടികളുടെയും അഭിപ്രായം. എന്നാല്‍ കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ അന്തരമില്ലെന്നുമുള്ള നിലപാടാണ് സിപിഎം,സിപിഐ പാര്‍ട്ടികള്‍ സ്വീകരിച്ചത്. ബിജെപിയെ തോല്‍പ്പിക്കുന്നതിനൊപ്പം കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റണമെന്നും അവര്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ മറ്റ് ആറ് പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം നിന്ന് ബിജെപിയെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
