Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിൽ 24 മണിക്കൂറിൽ മൂന്ന് കർഷകർ ആത്മഹത്യ ചെയ്തു

Madhya Pradesh Three farmer suicides reported in 24 hours
Author
First Published Jun 13, 2017, 12:56 PM IST

മധ്യപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് കർഷകർ ആത്മഹത്യ ചെയ്തു. പൊലീസ് നടപടിയിൽ ആറു പേ‍ർ മരിച്ച മൻഡ്സോർ നാളെ ശിവരാജ് സിംഗ് ചൗഹാൻ സന്ദർശിക്കും. കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഭാരത്ബന്ദ് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ആലോചന തുടങ്ങി.

മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലത്തിൽ കഴിഞ്ഞ ദിവസം ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. ഇന്ന് വിധിഷയിലും ഹോഷംഗാബാദിലും രണ്ട് കർഷകർ കൂടി ആത്മഹത്യ ചെയ്തു. കടക്കെണിയാണ് ആത്മഹത്യയ്ക്ക കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ആറു കർഷകർ പൊലീസ് നടപടിയിൽ മരിച്ച മൻഡ്സോറിൽ നാളെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സന്ദർശനം നടത്തും. മരിച്ചവരുടെ ബന്ധുക്കൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അത് നല്‍കിയിട്ടില്ല. നാലു ലക്ഷം രൂപ നല്‍കാനേ ചട്ടമുള്ളു എന്ന് ജില്ലാ കളക്ടർ പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മൻഡ്സോറിൽ ഇടതു കർഷക സംഘടനാ നേതാക്കളും ജ്യോതിരാദിത്യസിന്ധ്യ ഉൾപ്പടെ കോൺഗ്രസ് നേതാക്കളും സന്ദർശനം നടത്തും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മൻഡസോറിലേക്ക് പുറപ്പെട്ട ഗുജറാത്തിലെ പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിനെ മധ്യപ്രദേശ് അതിർത്തിയിൽ പൊലീസ് തടഞ്ഞു. രാജ്യത്തുടനീളമുള്ള കർഷകപ്രക്ഷോഭത്തിന് പിന്തുണ വ്യക്തമാക്കി പ്രതിപക്ഷ ഭാരത് ബന്ദ് പ്രഖ്യാപിച്ചേക്കും.

മൻഡ്സോറിൽ കർഷകർക്കെതിരെ വെടിവച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. അക്രമത്തിന് പ്രേരണ നല്കിയതിന് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios