ബിജെപി വിട്ട പത്മ ഇനി  കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന

ഭോപ്പാല്‍: മധ്യപ്രദേശിലെ ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ചു. ശിവരാജ് സിങ് ചൗഹാൻ മന്ത്രി സഭയിലെ അംഗമായിരുന്നു പത്മ. അതേസമയം ബിജെപി വിട്ട പത്മ ഇനി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കോൺഗ്രസിൽ ചേരുന്നതിന് മുന്നോടിയായി പത്മ മധ്യപ്രദേശിലെ കോൺഗ്രസ് പ്രസി‍ഡന്റ് കമൽ നാഥുമായി കൂടിക്കാഴ്ച്ച നടത്തുകയും പാർട്ടി മെമ്പർഷിപ്പ് എടുക്കുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഒരു മന്ത്രി രാജിവെക്കുന്നത്. ഇത് ഇലക്ഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാകും.

എന്നാല്‍ പത്മ ബിജെപി വിടാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനെതിരെയും ബിജെപിക്കെതിരെയും ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കുന്നുവെന്നും രണ്ട് മാസത്തിന് ശേഷം നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരുമെന്നുള്ള സർവ്വേ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.