Asianet News MalayalamAsianet News Malayalam

തൂത്തുക്കുടി സമര നേതാവ് മുഗിലന്‍റെ തിരോധാനം; അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

ഫെബ്രുവരി 14ാം തീയതി ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മധുരയിലേക്ക് പോകുമെന്നാണ് മുഗിലന്‍ സുഹൃത്തുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ എഗ്മൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ എത്തിയ മുഗിലനെ പിന്നീട് ആരും കണ്ടിട്ടില്ല.

Madras High Court asks report of activist mugilan missing case
Author
Chennai, First Published Feb 25, 2019, 10:59 PM IST

ചെന്നൈ: സ്റ്റര്‍ലൈറ്റ് വിരുദ്ധ സമരനേതാവും സാമൂഹിക പ്രവര്‍ത്തകനുമായ മുഗിലന്‍റെ തിരോധാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തൂത്തുക്കുടി വെടിവയ്പ്പിലെ ഉന്നത പൊലീസ് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് തിരോധാനം. മാര്‍ച്ച് നാലിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തിമഴ്നാട് പൊലീസിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.

തൂത്തുക്കുടി വെടിവയ്പ്പ്, ദക്ഷിണമേഖലാ ഐജി ശൈലേഷ് കുമാര്‍, ഡെപ്യൂട്ടി ഐ ജി കപില്‍ കുമാര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമായിരുന്നെന്നും വേദാന്ത ഗ്രൂപ്പുമായി കൂടിയാലോചന നടത്തിയെന്നും തെളിയിക്കുന്ന രേഖകള്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്ത് വിട്ടതിന് പിന്നാലെയാണ് മുഗിലനെ കാണാതായത്. 

14ാം തീയതി ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മധുരയിലേക്ക് പോകുമെന്നാണ് മുഗിലന്‍ സുഹൃത്തുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ എഗ്മൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ എത്തിയ മുഗിലനെ പിന്നീട് ആരും കണ്ടിട്ടില്ല. നേരത്തെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരങ്ങളുടെ ഭാഗമായി മുഗിലന്‍ ശിക്ഷ അനുഭവിച്ചിരുന്നു.

ജയിലിന് പുറത്തിറങ്ങിയ ശേഷം, തൂത്തുക്കുടി സമരത്തെ കുറിച്ച് മുഗിലന്‍ ഗവേഷണം നടത്തിവരുകയാണ്. മദ്രാസ് ഹൈക്കോടതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഹേബിയസ് കോര്‍പ്പസ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസിന് കോടതി നോട്ടീസ് അയച്ചു. എന്നാല്‍ പതിനൊന്ന് ദിവസം പിന്നിടുമ്പോഴും മുഗിലനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നുത്.

എഗ്മൂര്‍ സ്റ്റേഷനില്‍ മുഗിലന്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്നും പക്ഷേ മധുരയിലേക്ക് പോയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ചെന്നൈയില്‍ ഉള്‍പ്പടെ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തെരഞ്ഞടെുപ്പ് കണക്കിലെടുത്ത് തൂത്തുക്കുടിയില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios