ചെന്നൈ: മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയതില്‍ കേന്ദ്ര സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ഭേദഗതി ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ എം പിയും ഡിഎംകെ ഓർഗനൈസിങ്ങ് സെക്രട്ടറിയുമായ ആർ എസ് ഭാരതി നല്‍കിയ ഹർജിയിലാണ് നോട്ടീസ്. അടുത്ത മാസം 18നകം കേന്ദ്രം മറുപടി നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. 

പുതിയ സംവരണ നിയമം റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പുതിയ നയം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമെന്ന് ഡി എം കെ ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡി എം കെ രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. അതേസമയം സംവരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 

വാർഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവർക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. ഏറെ കാലമായി ആർ എസ് എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. 50 ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സർക്കാരിന്‍റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍. പത്ത് ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകും. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണം നൽകുന്നുണ്ട്.  നോട്ട് നിരോധനത്തിന് ശേഷം  പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിർണായക രാഷ്ട്രീയ തീരുമാനം കൂടിയാണിത്.