ഇനിമുതല്‍ 10 മിനിറ്റില്‍ കൂടുതല്‍ വാഹനങ്ങള്‍ റോഡില്‍ പിടിച്ചിട്ടാല്‍ കോടതിയലക്ഷ്യ നടപടിയായി അതിനെ പരിഗണിക്കും

ചെന്നൈ: വിവിഐപി, വിഐപി യാത്രകള്‍ക്കായി ഇനിമുതല്‍ 5 മുതല്‍ 10 മിനിറ്റ് വരെ മാത്രമേ പൊതുഗതാഗതത്തെ നിയന്ത്രിക്കാവുയെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഗവര്‍ണര്‍, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയ വിവിഐപികള്‍ക്കായി ഇനിമുതല്‍ 10 മിനിറ്റില്‍ കൂടുതല്‍ വാഹനങ്ങള്‍ റോഡില്‍ പിടിച്ചിട്ടാല്‍ കോടതിയലക്ഷ്യ നടപടിയായി അതിനെ പരിഗണിക്കും

എന്നാല്‍ പ്രസിഡന്‍റ്, പ്രധാനമന്ത്രി, ഏറ്റവും അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യുന്ന വിഐപികള്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമാവില്ല. തമിഴ്നാട് സ്വദേശി എസ്. ദുരൈസ്വാമി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിന്മേലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസ് എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22 ന് ഡോക്ടറെക്കാണാനായി പുറപ്പെട്ട എസ്. ദുരൈസ്വാമിക്ക് തമിഴ്നാട് മുഖ്യമന്ത്രി കടന്നുപോകാനായി ചെന്നൈ നഗരത്തില്‍ ഗതാഗതം തടഞ്ഞതിനെത്തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ക്കെതിരെയും ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെയും അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.