പയ്യന്നൂര്‍ പെരുമ്പയില്‍ മതപഠനത്തിനെത്തിയ പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മദ്രസ അധ്യാപകനും സഹായിയും പിടിയില്‍. മാട്ടൂല്‍ സ്വദേശി സെയ്ദ് ഫാളില്‍, സഹായി വായാട് സ്വദേശി കെ.എം സിദ്ധീഖ് എന്നിവരാണ് പിടിയിലായത്.

പെരുമ്പ ചിറ്റാരിക്കൊവ്വലിലെ ഉമര്‍ ഫാറൂഖ് മസ്ജിദിനോട് ചേര്‍ന്ന മദ്റസയില്‍ മതപഠനം നടത്തുകയായിരുന്നു കുട്ടി. ഇവിടെ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിയെ മുറിയില്‍ കൊണ്ടുപോയാണ് മദ്രസാധ്യാപകനും പാചകക്കാരനും ചേര്‍ന്ന് പീഡിപ്പിച്ചത്. ആദ്യം ഭയന്ന കുട്ടി സംഭവം പുറത്തറിയിച്ചില്ല. പിന്നീട് സഹികെട്ടപ്പോള്‍ രക്ഷിതാക്കളോട് പറഞ്ഞു. രക്ഷിതാക്കള്‍ കാസര്‍ഗോഡ് ചൈല്‍ഡ് ലൈനില്‍ പരാതി അറിയിച്ചു. ഇതിന് പിന്നാലെയാണ് പയ്യന്നൂര്‍ പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. നേരത്തെ മദ്രസയിലെ പ്രധാനാധ്യാപകനോട് പരാതി പറഞ്ഞെങ്കിലും അവഗണിച്ചതാണ് കുട്ടി കൂടുതല്‍ പീഡനത്തിന് ഇരയാകാന്‍ ഇടയായത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അറസ്റ്റിന് ശേഷം തലസേരി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കൂടുതല്‍ കുട്ടികള്‍ ഇവരുടെ വലയില്‍ പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. മാസങ്ങള്‍ക്ക് മുമ്പ് കൂത്തുപറമ്പിലും സമാനസംഭവത്തില്‍ മറ്റൊരു മദ്രസാധ്യാപകന്‍ സ്വന്തം വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരുന്നു.