വൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തിൽ ഇനി തമിഴ്നാട്ടുകാരെ ഇകഴ്ത്താൻ നോക്കേണ്ട. രാജ്യത്ത് ഏറ്റവും വൃത്തിയും വെടിപ്പുമുള്ള സ്ഥലം ഇനി തമിഴ്നാട്ടിലാണ്. പ്രതിദിനം പതിനായിരക്കണക്കിന് ഭക്തർ കയറിയിറങ്ങുന്ന മധുര മീനാക്ഷി ക്ഷേത്രത്തിനാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള പ്രധാന സ്ഥലമെന്ന പദവി ലഭിച്ചത്. കേന്ദ്രസർക്കാറിന്റെ ശുചിത്വപദ്ധതിയായ സ്വച്ഛത ഹി സേവക്ക് കീഴിലാണ് പുരസ്ക്കാരം. താജ്മഹൽ ഉൾപ്പെടെ രാജ്യത്തെ പത്ത് പ്രധാന കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നാണ് മധുര ക്ഷേത്രം തെരഞ്ഞെടുത്തത്.
അജ്മീർ ദർഗ, സുവർണ ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, ശ്രീ വൈഷ്ണോ ദേവി ക്ഷേത്രം എന്നിവയും അവസാന പത്തിൽ ഉൾപ്പെട്ടിരുന്നു. ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ മധുര ജില്ലാ കലക്ടർ വീര രാഘവ റാവുവും കോർപ്പറേഷൻ കമീഷണർ എസ്. അനീഷ് ശേഖറും കേന്ദ്രമന്ത്രി ഉമാഭാരതിയിൽ നിന്ന് അവാർഡ് സ്വീകരിക്കും. ക്ഷേത്രം വൃത്തിയും പ്ലാസ്റ്റിക് മുക്തവുമാക്കാൻ വിപുലമായ പ്രവർത്തനങ്ങളാണ് മധുര കോർപ്പറേഷൻ നടപ്പിലാക്കിയത്. 60 ജീവനക്കാരെയും 300 വളണ്ടിയർമാരെയും നിയോഗിച്ചായിരുന്നു ശുചീകരണ ജോലികൾ.
ടി.വി.എസ്, ത്യാഗരാജർ മിൽസ് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങള്‍ ജീവനക്കാരെ ശുചീകരണ ജോലികൾക്കായി വിട്ടുനൽകുകയും ചെയ്തിരുന്നു. 25 ഇ -ടോയ്ലറ്റുകളും 15 വാട്ടർ എ.ടി.എമ്മുകളും ക്ഷേത്ര പരിസരത്ത് ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും സെപ്റ്റംബർ 30 മുതൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് കോർപ്പറേഷൻ 50 രൂപ പിഴയും ചുമത്തുന്നുണ്ട്.
