നിലമ്പൂര്‍ വനത്തില്‍ രണ്ടു മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പൂര്‍ത്തിയായി. മലപ്പുറം ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം സര്‍ക്കാരിന് കൈമാറും. വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന.

2016 നവംബര്‍ 24നാണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ നിലമ്പൂരിലെ ഉള്‍വനത്തില്‍ വെടിയേറ്റ് മരിച്ചത്. മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്ത് ആയുധ പരിശീലനം നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ടിനെതിരെ മാവോയിസ്റ്റുകള്‍ വെടിവച്ചപ്പോള്‍ തിരിച്ചുണ്ടായ ആക്രണത്തിലാണ് മരണമുണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം. പൊലീസുകാര്‍ക്ക് വെടിയേറ്റിരുന്നില്ല. വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണത്തെ തുടര്‍ന്നാണ് മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈം ബ്രാഞ്ച് അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ നി‍ര്‍ദ്ദേശം. പക്ഷെ രണ്ടു പ്രാവശ്യം അന്വേഷണം ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ സമയം നീട്ടിവാങ്ങി. ഫൊറന്‍സിക് പരിശോധന ഫലം വൈകുന്നത് ചൂണ്ടാക്കാട്ടിയാണ് സമയം നീട്ടി ചോദിച്ചത്. എന്നാല്‍ ഇനി സമയം നീട്ടി നല്‍കില്ലെന്നും റിപ്പോട്ട് ഉടന്‍ സമ‍പ്പിക്കണമെന്ന് ആഭ്യന്തരവകുപ്പ് അറിയിക്കുകയായിരുന്നു.

വെടിയേറ്റവരുടെ രാസപരിശോധന ഫലങ്ങള്‍ ലഭിക്കാത്തതിനാല്‍ ഈ മാസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ര്‍ അമിത് മീണ ആഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടുണ്ട്. പൊലീസും മാവോയിസ്റ്റുകളും വെടിവയ്‌ക്കാനുപോയഗിച്ച ആയുധങ്ങളുടെ പരിശോധന ഫലം ഇപ്പോഴും ലഭിച്ചിട്ടില്ല.ഇതിനായി കാത്തുനിന്നാല്‍ ഇനിയും റിപ്പോര്‍ട്ട് വൈകുമെന്നതിനാല്‍ നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാരകും മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് നല്‍കുക. പൊലീസുദ്യോഗസ്ഥര്‍, ആരോപണം ഉന്നയിച്ച‍വ‍‍ര്‍, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ ഏറ്റമുട്ടലെന്ന ആരോപണം തള്ളുന്നതാണ് മജിസ്റ്റീയല്‍ റിപ്പോര്‍ട്ടെന്നാണ് സൂചന.