കാസര്‍കോട്: കാസര്‍കോഡ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് വി.കെ.ഉണ്ണികൃഷ്ണനെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതിയില്‍ കര്‍ണ്ണാടക പോലീസ് കേസെടുത്തതിനെതുടര്‍ന്ന് ഹൈക്കോടതി ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

രാവിലെ ഒമ്പതരയായിട്ടും ക്വാര്‍ട്ടേഴ്‌സിന്‍റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകയറി നോക്കിയപ്പോഴാണ് മജിസ്‍ട്രേറ്റിനെ തൂങ്ങിയ നിലയില്‍ കണ്ടത്.ഉടന്‍ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഞായറാഴ്ച്ച കര്‍ണ്ണാടകയിലെ സുള്ള്യയില്‍ മദ്യപിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഇദ്ദേഹത്തിനെതിരെ കര്‍ണ്ണാടക പൊലീസ് കേസെടുത്തിരുന്നു.

ഇതിനു പുറമേ പൊലീസകാരെ കയ്യേറ്റം ചെയ്തെന്നും കൃത്യനിര്‍വഹണം തടസപെടുത്തിയെന്നതിനും സുള്ള്യ പൊലീസ് മജിസ്‍ട്രേറ്റിനെതിരെ കേസെടുത്തിട്ടുണ്ട്.തന്നെ കര്‍ണ്ണാടക പൊലീസ് മര്‍ദ്ദിച്ചെന്നെന്ന പരാതിയുമായി മജിസ്‍ട്രേറ്റ് കാസര്‍കോഡ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ഇന്നലെ രാത്രിയോടെയാണ് ആശുപത്രി വിട്ട് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്. തൃശ്ശൂര്‍ സ്വദേശിയായ വി.കെ.ഉണ്ണികൃഷ്ണന്‍ ഒന്നരമാസം മുമ്പാണ് കാസര്‍കോഡ് മജിസ്‍ട്രേറ്റായി ചുമതലയേറ്റത്.