മഹാരാജാസ് പ്രിന്‍സിപ്പല്‍ കെ.എല്‍ ബീനയെ തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് സ്ഥലം മാറ്റി. മഹാരാജാസ് പ്രിന്‍സിപ്പളായി പകരം ഡോ.പി എസ് അജിത സ്ഥാനമേല്‍ക്കും. കൊടുവള്ളി കോളേജിലെ പ്രിന്‍സിപ്പലായിരുന്നു അജിത. മഹാരാജാസ് കോളേജില്‍ ഏകാധിപത്യം നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രിന്‍സിപ്പിലിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഒരുവിഭാഗം രംഗത്ത് വരികയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രിന്‍സിപ്പലിനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. പ്രമോഷനില്ലാതെയാണ് സ്ഥലം മാറ്റം. ഏഴ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇത്തരത്തില്‍ സ്ഥലം മാറ്റം നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത് ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണെന്ന തരത്തില്‍ നേരത്തെ പ്രിന്‍സിപ്പില്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പിലിന്റെ കസേര കത്തിച്ചിരുന്നു. കോളേജില്‍ ചുമരെഴുത്തുകളുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലാവധി തീര്‍ന്നത് മൂലമുള്ള സ്വഭാവിക സ്ഥലം മാറ്റമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതികരണം.
