മഹാരാഷ്ട്ര 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്നവിസ് അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. പഞ്ചാബ് സര്‍ക്കാര്‍ പ്രളയദുരിതം മറികടക്കാനായി 10 കോടി നല്‍കുമെന്ന് അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന് 10 കോടി രൂപ നല്‍കും, തമിഴ്നാട് 5 കോടി രൂപ കൂടി നല്‍കുമെന്ന് അറിയിച്ചു.

തിരുവനന്തപുരം: പ്രളയദുരിതം മറികടക്കാനായി കേരളത്തിന് ധനസഹായവുമായി മഹാരാഷ്ട്രയും പഞ്ചാബും കര്‍ണാടകയും തമിഴ്നാടും. മഹാരാഷ്ട്ര 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്നവിസ് അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. പഞ്ചാബ് സര്‍ക്കാര്‍ പ്രളയദുരിതം മറികടക്കാനായി 10 കോടി നല്‍കുമെന്ന് അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന് 10 കോടി രൂപ നല്‍കും, തമിഴ്നാട് 5 കോടി രൂപ കൂടി നല്‍കുമെന്ന് അറിയിച്ചു. നേരത്തെ രാജ്യം മുഴുവൻ കേരളത്തിന് വേണ്ടി ഒന്നിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പഞ്ചാബിന്റെ സഹായ വാഗ്ദാനം വരുന്നത്. 

പ്രളയക്കെടുതി മറികടക്കാന്‍ ഒഡീഷ സര്‍ക്കാര്‍ അഞ്ചുകോടിയും ഹരിയാന സര്‍ക്കാര്‍ 10 കോടിയും ബീഹാര്‍ സര്‍ക്കാര്‍ 10 കോടിയും നല്‍കുമെന്ന് അറിയിച്ചു.

രാവിലെ പ്രളയക്കെടുതി വിലയിരുത്തിയ പ്രധാനമന്ത്രി കേരളത്തിന് 500 കോടി രൂപ നല്‍കുമെന്ന് വിശദമാക്കിയിരുന്നു. ആലുവ , തൃശൂര്‍ മേഖല കളിലെ വെള്ളപ്പൊക്ക മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി കൊച്ചി നാവിക സേനാ ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിലാണ് അടിയന്തിര സഹായം പ്രഖ്യാപിച്ചത്. പ്രാഥമിക കണക്ക് പ്രകാരം കേരളത്തിന് 19512 കോടി രൂപയുടെ നഷ്ടമുണ്ടെന്നും അടിയന്തിരമായി 2000 കോടി രൂപ വേണമെന്നും കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരങ്ങള്‍ കാലതാമസമില്ലാതെ വിതരണം ചെയ്യാന്‍ ഇന്‍ഷ്വറന്‍സ് ക്യാമ്പുകള്‍ നടത്താന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. 

കര്‍ഷകര്‍ക്ക് നഷ്ട പരിഹാരത്തിനായി പ്രത്യേക സഹായം നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ വീടുകള്‍ പുനര്‍ നിര്‍മ്മിച്ച് നല്‍കും. 

കേരളത്തിലെ തകര്‍ന്ന ദേശീയ പാതകളുടെ പുനര്‍ നിര്‍മ്മാണത്തിന് ദേശീയ പാത അതോറിറ്റിക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കും.വൈദ്യുതി ലൈനുകള്‍ പുനസ്ഥാപിക്കാന്‍ എന്‍ടിപിസിക്ക് നിര്‍ദ്ദേശം നല്‍കും. തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂടുതല്‍ വിഹിതം കേരളത്തിന് നല്‍കും. ദുരന്ത മേഖലയില്‍ ഭക്ഷ്യധാന്യങ്ങളും മരുന്നും വിതരമം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു.