മുംബൈ: ഹെല്‍മറ്റില്ലാത്ത ബൈക്ക് യാത്രികര്‍ക്ക് മഹാരാഷ്ട്രയിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും ഇനി മുതല്‍ ഇന്ധനം ലഭിക്കില്ല. കേരളത്തിനു സമാനമായ രീതിയില്‍ നിയമം കൊണ്ടു വരാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.

സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നിമയത്തെ കുറിച്ച് ആലോചിക്കുന്നതായി ഗതാഗത മന്ത്രി ദിവാകര്‍ റാവത്ത് വ്യാഴാഴ്ച നിയമസഭയില്‍ അറിയിച്ചു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് തീരുമാനം. ഇരു ചക്രവാഹനങ്ങളാണ് റോഡപകടങ്ങളില്‍ കൂടുതലും പെടുന്നതെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഹെല്‍മറ്റില്ലാതെ ഇന്ധനം ലഭിക്കുന്നത് ബൈക്ക് യാത്രികര്‍ക്ക് പ്രചോദനമാവുന്നുണ്ടെന്നാണ് സര്‍ക്കാരിന്‍റെ നിഗമനം.

നഗരത്തില്‍ രണ്ട് മാസം മുമ്പ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. പുതിയ സംരംഭത്തിനു സര്‍ക്കാര്‍ പമ്പ് ഓണേഴ്സ് അസോസിയേഷന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി കൂടുതല്‍ ബോധവല്‍ക്കരണം നടത്തുമെന്ന് പൊലീസും പറഞ്ഞു. നിയമം ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും.