മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അടിയന്തര സാഹചര്യത്തെ തുടർന്നു ഇടിച്ചിറക്കി. മുഖ്യമന്ത്രിയും ഒപ്പമുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപ്പെട്ടു. ലാത്തുരിൽ വച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുൾപ്പെടെ നാല് പേർ ഹെലികോപ്ടറിലുണ്ടായിരുന്നു.
തങ്ങൾ സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിൽ പെട്ടെന്നും താനുൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ഫട്നാവിസ് ട്വീറ്റ് ചെയ്തു. തനിക്ക് മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളുടെ പ്രാർഥനയുണ്ടെന്നും അതിനാൽ യാതൊരു പരിക്കുകളും കൂടാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഹെലികോപ്ടറാണു അപകടത്തിൽപ്പെട്ടത്. 6, 7 വർഷം പഴക്കം മാത്രമേ ഹെലികോപ്ടറിനുള്ളു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം നടത്തുമെന്നും ഫട്നാവിസ് കൂട്ടിച്ചേർത്തു.
