ദില്ലി: വിദ്യാർത്ഥിനികൾക്കൊപ്പം നൃത്തം ചെയ്ത് കൈയ്യടി നേടുന്ന കോൺ​ഗ്രസ് നേതാവാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. മഹാരാഷ്ട്രയിലെ ബാന്ദ്ര ലോകസഭയിൽനിന്നുള്ള എംപി മധൂക്കർ കുക്ഡെയാണ് വിദ്യാർത്ഥിനികൾക്കൊപ്പം ചുവടുവച്ച് കൈയ്യടി നേടുന്നത്. ബാന്ദ്രയിലെ ഒരു സ്കൂളിലെ പരിപാടിയിക്കിടയിലാണ് സംഭവം. 

ബോളിവുഡ് താരം രൺവീർ സിം​ഗ് നായകനായെത്തിയ ചിത്രം സിംമ്പയിലെ ​അങ്ക് മാരെ എന്ന് ​ഗാനത്തിനാണ് 60കാരനായ മധൂക്കർ ചുവടുവയ്ക്കുന്നത്. പാട്ടിനൊപ്പം രസകരമായ ചുവടുകൾവച്ച് തനത് ശൈലിയിൽ വളരെ ഊർജ്ജസ്വലനായാണ് മധൂക്കർ നൃത്തം ചെയ്യുന്നത്.   
വാർത്താ ഏജൻസിയായ എ എൻ ഐ ആണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. മധൂക്കറിന്റെ ഡാൻസ് കണ്ട് കുട്ടികൾ ആർത്തുവിളിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.