സല്‍മാന്‍ ഖാനൊപ്പം സഹോദരങ്ങള്‍ക്കും അമ്മയ്ക്കും നോട്ടീസ് വിശദീകരണം നല്‍കിയില്ലെങ്കില്‍ നിയമനടപടി നേരിടണം

മുംബൈ: നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ മഹാരാഷ്ട്ര വനം വകുപ്പ് നോട്ടീസയച്ചു. താരകുടുംബത്തിന് പന്‍വേലിലുള്ള ഫാം ഹൗസിനെതിരെയാണ് പൊതു പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരിക്കുന്നത്.

വനം വകുപ്പ് ദുര്‍ബല മേഖലയായി കണക്കാക്കിയിരിക്കുന്ന പ്രദേശത്ത് സിമന്റും കോണ്‍ക്രീറ്റുമുപയോഗിച്ച് കെട്ടിടം നിര്‍മ്മിച്ച് നിയമവിരുദ്ധ നിര്‍മ്മാണം നടത്തിയെന്നാണ് പരാതി. 

സല്‍മാന്‍ ഖാന്റേയും സഹോദരങ്ങളായ അല്‍വീര, അര്‍പിത, അര്‍ബാസ്, സൊഹൈല്‍, അമ്മ ഹെലെന്‍ എന്നിവരുടേയും പേരിലാണ് പന്‍വേലിലുള്ള 'അര്‍പിത ഫാംസ്' എന്ന ഫാം ഹൗസും അനുബന്ധ സ്ഥലങ്ങളുമുള്ളത്. 

പരാതി കിട്ടിയ പ്രകാരം നോട്ടീസ് അയച്ചിട്ടുണ്ടെന്നും ആവശ്യമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ താരമുള്‍പ്പെടെയുള്ള കുടുംബം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു. 

അതേസമയം പരാതി വ്യാജമാണെന്നും നിയമം അനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും സല്‍മാന്‍ ഖാന്റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലിം ഖാന്‍ അറിയിച്ചു.