മുംബൈ: വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തവെ സെല്‍ഫിയെടുത്തു ട്വിറ്ററിലും ഫേസ്ബുക്കിലുമിട്ട മഹാരാഷ്ട്ര ജലവിഭവ വകുപ്പു മന്ത്രി പങ്കജ മുണ്ടെ വിവാദത്തില്‍. കടുത്ത വരള്‍ച്ച നേരിടുന്ന മറാത്ത്‌വാഡയിലെ സ്വന്തം മണ്ഡലമായ ബീഡിലും ജലക്ഷാമം രൂക്ഷമായ ലാത്തൂരിലും സന്ദര്‍ശനം നടത്തിയ മന്ത്രി, വിവിധ പോസിലുള്ള സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

ഫഡ്‌നാവിസ് മന്ത്രിസഭയില്‍ ജലവിഭവം, ഗ്രാമവികസനം എന്നീ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായ പങ്കജ മുണ്ടെ വരള്‍ച്ചാ ഭൂമിയിലെത്തിയപ്പോള്‍ ദൗത്യം മറന്നെന്നാണ് ഉയരുന്ന ആരോപണം. കര്‍ഷകരുടെ പ്രശ്‌നം കേള്‍ക്കുന്നതിനു പകരം മന്ത്രി സെല്‍ഫിയെടുത്ത് ഉല്ലസിക്കുകയായിരുന്നു എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

നേരത്തേ മന്ത്രി ഏക്‌നാഥ് ഗഡ്‌സെയ്ക്ക് ലാത്തൂരിലെത്താന്‍ ഹെലിപ്പാഡ് ഒരുക്കുന്നതിന്റെ ഭാഗമായി 10000 ലിറ്റര്‍ ജലം ദുരുപയോഗം ചെയ്തതു വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.