മുംബൈ: മഹാരാഷ്ട്ര മന്ത്രിയുടെ മകൾ തനിക്ക് ലഭിച്ച സ്കോളർഷിപ്പ് തിരസ്കരിച്ചു.സാമൂഹിക നീതി മന്ത്രി രാജ്കുമാർ ബദോളയുടെ മകളാണ് അച്ഛൻ്റെ കീഴിൽ വരുന്ന വകുപ്പിൻ്റെ സ്കോളർഷിപ്പ് നിരസിച്ചത്. താഴ്ന്ന വരുമാനക്കാരുടെ മക്കൾക്ക് നൽകുന്ന സ്കോളർഷിപ്പ് സ്വന്തം മകൾക്ക് നൽകിയതിൽ മന്ത്രി വിവാദത്തിലായതിനെ തുടർന്നാണ് ശ്രുതി ബദോൾ സ്വയം വേണ്ടെന്നുവെച്ചത്. താൻ മന്ത്രിയുടെ മകൾ ആയതുകൊണ്ടാണ് ഈ സ്കോളർഷിപ്പ് ലഭിച്ചതെന്ന വിമർശനത്തിനെ തുടർന്നാണ് താൻ ഇത് തിരസ്കരിക്കുന്നുവെന്ന് ശ്രുതി ബദോൾ പറഞ്ഞു.
പട്ടികജാതി വർഗ വിദ്യാർത്ഥികൾക്ക് വിദേശത്ത് പോയി പഠിക്കുന്നതിന് 35 സ്കോളർഷിപ്പുകളാണ് സാമൂഹിക നീതി വകുപ്പ് നൽകിവരുന്നത്. താൻ ഒരു മന്ത്രിയുടെ മകളായത് തൻ്റെ തെറ്റാണോ എന്നാണ് മാദ്രാസ് ഐഐടിയിൽ നിന്നും ബിരുദം കഴിഞ്ഞ ശ്രുതി ബദോൾ ചോദിക്കുന്നത്.
പട്ടിക വർഗ വിദ്യാർഥികൾക്കായി നൽകുന്ന സ്കോളർഷിപ്പാണ് മകൾ ശ്രുതി ബദോളിന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ പി.എച്ച്.ഡി പഠനത്തിനായി അനുവദിച്ചത്. വാർഷിക വരുമാനം ആറ് ലക്ഷത്തിൽ കുറവായവരുടെ മക്കൾക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്. സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയുടെ മകനും ഇതേ സ്കോളർഷിപ്പ് നൽകിയിട്ടുണ്ട്.
മന്ത്രിയുടെ വകുപ്പ് തന്നെ മകൾക്ക് സ്കോളർഷിപ്പ് നൽകിയതാണ് വിവാദം പടരാൻ ഇടയാക്കിയത്. എന്നാൽ മന്ത്രിയുടെ മകൾക്ക് മികച്ച വിദ്യാഭ്യാസ ട്രാക്ക് റെക്കോർഡാണ് ഉള്ളതെന്നും മെറിറ്റ് അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിനായി തെരഞ്ഞെടുത്തതെന്നുമാണ് സർക്കാർ വിശദീകരണം.
മന്ത്രിയുടെ മകൾക്ക് ലോകത്തിലെ 100 മുൻനിര യൂനിവേഴ്സിറ്റികളിൽ ഒന്നിലാണ് പ്രവേശനം നേടിയതെന്നും ഇങ്ങനെയുള്ളവരുടെ കാര്യത്തിൽ വരുമാനം പരിഗണിച്ചിട്ടില്ലെന്നും സർക്കാർ വിശദീകരിക്കുന്നു. താനും വകുപ്പ് സെക്രട്ടറിയും സ്കോളർഷിപ്പ് അനുവദിക്കാനുള്ള നടപടികളിൽ നിന്ന് വിട്ടുനിന്നതായും ചീഫ് സെക്രട്ടിയുടെ നേതൃത്വത്തിലാണ് സെലക്ഷൻ നടന്നതെന്നുമാണ് മന്ത്രിയുടെ വാദം.
എന്നാൽ മന്ത്രിയുടെ അധികാരദുർവിനിയോഗത്തിനുള്ള തെളിവായാണ് പ്രതിപക്ഷമായ കോൺഗ്രസ് സംഭവത്തെ കാണുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അവർ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൻ.സി.പിയും രംഗത്ത് വന്നിരുന്നു. മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ നിന്ന് നേരത്തെ അധികാര ദുർവിനിയോഗത്തിന് ഏക്നാഥ് കദ്സെ രാജിവെച്ചിരുന്നു.
