റഫാൽ കരാറിൽ  ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് പകരം എന്തിനാണ് അനിൽ അംബാനിയുടെ കമ്പനി തെരഞ്ഞെടുത്തതെന്നതിന്റെ വിശദീകരണം മോദി നൽകണമെന്നും രാഹുൽ

മുംബൈ: രാജ്യത്തെ ഒന്നിപ്പിക്കാനാണ് മഹാത്മ ഗാന്ധി ശ്രമിച്ചത്, എന്നാല്‍ ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ വാര്‍ദ്ധയില്‍ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഫാൽ കരാറിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് പകരം എന്തിനാണ് അനിൽ അംബാനിയുടെ കമ്പനി തെരഞ്ഞെടുത്തതെന്നതിന്റെ വിശദീകരണം മോദി നൽകണമെന്നും രാഹുൽ പറഞ്ഞു. പാർലമെന്റിൽ ഈ ചോദ്യം ഉന്നയിച്ചപ്പോൾ മോദി കണ്ണിൽ നോക്കാതെയാണ് മറുപടി പറഞ്ഞത്. അതിനർത്ഥം അദ്ദേഹം കള്ളമാണ് പറയുന്നതെന്നാണെന്നും രാഹുൽ ആരോപിച്ചു.

എന്‍ഡിഎ നയിക്കുന്ന കേന്ദ്രസർക്കാർ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ 3.20 ലക്ഷം കോടി കടമാണ് എഴുതി തളളിയത്. എന്നാൽ കർഷകരുടെ വായ്പകൾ എഴുതി തള്ളാൻ അവർ തയ്യാറായില്ല. നോട്ട് നിരോധന വേളയിൽ രാജ്യത്തെ മോഷ്ടാക്കൾ പിന്‍വാതിലിലൂടെ അവരുടെ കൈവശം ഉണ്ടായിരുന്ന കളളപ്പണം വെളുപ്പിച്ചു. എന്നാൽ അതേസമയം സാധരണക്കാരായ ജനങ്ങൾ നോട്ടുകൾ മാറാൻ വരി നിൽക്കുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, ഗുലാം നബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അശോക് ഗെഹ്ലോട്ട്, പി ചിദംബരം എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.