Asianet News MalayalamAsianet News Malayalam

ദുബായിലെ ഫ്ലാറ്റില്‍ വീട്ടുജോലിക്കാരി മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് സുഹൃത്തുക്കള്‍

ഗര്‍ഭിണിയായ എയ്ഞ്ചലിന്‍റെ വിസ കാലാവധി 2016 ല്‍ തീര്‍ന്നിരുന്നു. ഗര്‍ഭധാരണവും വിസയുടെ കാലാവധി തീര്‍ന്നതും എയ്ഞ്ചലിനെ അലട്ടിയിരുന്നു

maid dies in flat
Author
Dubai - United Arab Emirates, First Published Aug 12, 2018, 4:17 PM IST

ദുബായ്: ദുബായില്‍ വീട്ടുജോലിക്കാരിയായിരുന്ന ഫിലിപ്പീന്‍ യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് സുഹൃത്തുക്കള്‍. ദുബായില്‍ ചൈന ക്ലസ്റ്ററിലെ ഒരു ഫ്ലാറ്റിലാണ് ഫിലിപ്പീന്‍ യുവതി എയ്ഞ്ചൽ പൗയത്രസാത് (34)ജോലി ചെയ്തിരുന്നത്. ജൂലൈ 29 നാണ് യുവതിയെ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗര്‍ഭിണിയായ എയ്ഞ്ചലിന്‍റെ വിസ കാലാവധി 2016 ല്‍ തീര്‍ന്നിരുന്നു. ഗര്‍ഭധാരണവും വിസയുടെ കാലാവധി തീര്‍ന്നതും എയ്ഞ്ചലിനെ അലട്ടിയിരുന്നു. ഗർഭം അലസിപ്പിക്കരുതെന്നും ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുന്ന പൊതുമാപ്പ് സമയത്ത് എന്തെങ്കിലും വഴി തെളിയുമെന്നും എയ്ഞ്ചലിനെ ഉപദേശിച്ചിരുന്നതായി സുഹൃത്ത് പറഞ്ഞു. കുഞ്ഞിനെ ഇല്ലാതാക്കാന്‍ എന്തെങ്കിലും മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായതാവാം മരണകാരണമെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ പൊലീസ് ഇതുവരെ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

പതിനൊന്നും എട്ടും വയസ്സുള്ള രണ്ടു മക്കളുടെ അമ്മയാണ് എയ്ഞ്ചൽ. മൂന്ന് വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട എയ്ഞ്ചലിനെ ആന്‍റിയാണ് വളർത്തിയത്. പഠനത്തിനുശേഷം വിവാഹിതയായ എയ്ഞ്ചല്‍ ഗാർഹിക പീഡനത്തിന്‍റെ ഇരയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. എയ്ഞ്ചലിനെ ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് രക്ഷപ്പെട്ട എയ്ഞ്ചൽ സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനായി ദുബായിലേക്ക് ചേക്കേറുകയായിരുന്നു. രണ്ട് വർഷത്തോളമായി അൽഐയ്നിലെ ഒരു വീട്ടിൽ ജോലി ചെയ്ത് വരുകയായിരുന്നു ഇവര്‍. പിന്നീട് കോൺട്രാക്റ്റിലെ ക്രമക്കേടുകൾ കാരണം മറ്റ് ചില ജോലികൾ ചെയ്തായിരുന്നു ജീവിച്ചത്.

എയ്ഞ്ചലയുടെ മരണ വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതതെന്ന് യുവതിയുടെ ബന്ധു പീറ്റർ പൗയ പറഞ്ഞു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം വേഗം വിട്ടുനൽകാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും അഭ്യർഥിച്ചു. അതേസമയം പൊലീസ് അന്വേഷണം പൂർത്തിയായാൽ ഉടൻ മൃതദേഹം വിട്ടുനൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios