നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷി കോടതിയിൽ മൊഴി മാറ്റി. കാവ്യാ മാധവന്‍റെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി രഹസ്യമൊഴി നൽകിയത്. മൊഴി മാറ്റത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കീഴടങ്ങുന്നതിന് മുമ്പ് പ്രധാനപ്രതികൾ ലക്ഷ്യയിൽ വന്നെന്നായിരുന്നു ജീവനക്കാരന്‍റെ മൊഴി. ദിലീപിനേയും കാവ്യാ മാധവനയും അന്വേഷിച്ചാണ് സുനിൽകുമാറും വിജേഷും എത്തിയതെന്നും ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴിയില്‍ പറഞ്ഞിരുന്നു.
കാവ്യയേയും ദിലീപിനേയും കാണാനാണ് ഇവർ വന്നതെന്നും ആലുവയിലെ വീട്ടിലാണെന്ന് പറഞ്ഞപ്പോൾ മടങ്ങിപ്പോയെന്നുമായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്. ഈ മൊഴി വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ദിലീപുമായുളള സുനിൽകുമാറിന്‍റെ ബന്ധത്തെ സ്ഥാപിക്കാനായിരുന്നു ഇതുവഴി പൊലീസ് ഉദ്ദേശിച്ചത്.
ദിലീപ് ജാമ്യത്തിലിറങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് ഇതേ ജീവനക്കാരന്‍റെ രഹസ്യമൊഴി മജിസ്ട്രേറ്റ് മുമ്പാകെ പൊലീസ് ഇടപെട്ട് രേഖപ്പെടുത്തിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ പ്രതികളുടെ ഭാഗത്തുനിന്ന് ചില ശ്രമങ്ങൾ നടക്കുന്നുവെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു രഹസ്യമൊഴി എടുത്തത്. രഹസ്യമൊഴിയുടെ പകർപ്പ് കോടതിയിൽ നിന്ന് കിട്ടിയപ്പോഴാണ് പ്രധാനസാക്ഷി മൊഴി മാറ്റിയ വിവരം അന്വേഷണസംഘം അറിയുന്നത്.
സുനിൽകുമാറും വിജേഷും കീഴടങ്ങുന്നതിന് മുമ്പ് ലക്ഷ്യയിൽ വന്നിട്ടില്ലെന്നും ദിലീപിനേയും കാവ്യാമാധവനേയും പറ്റി അന്വേഷിച്ചിട്ടില്ലെന്നുമാണ് ഇയാൾ കോടതിയിൽ പറഞ്ഞത്. ഇതേത്തുടർന്നാണ് ഇയാൾ മൊഴി മാറ്റാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുന്നത്. കാവ്യാ മാധവന്‍റെ ഡ്രൈവറുടെ ഫോണിൽ നിന്ന് 41 തവണ ഈ ജീവനക്കാരനെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദിലീപുമായി അടുപ്പമുളള കൊച്ചിയിലെ ഒരഭിഭാഷകനും ഇയാളെ പലപ്പോഴായി വിളിച്ചിട്ടുണ്ട്. ആലപ്പുഴയിൽ വെച്ച് ഇരുവരും നേരിൽക്കണ്ടതായും സംശയിക്കുന്നു. സാക്ഷികളെ സ്വാധീനിക്കാനുളള പ്രതിഭാഗത്തിന്‍റെ നീക്കം നിയമപരമായിത്തന്നെ നേരിടാനുളള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം.

