കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കും മേജർ ഗൊഗോയി വീട്ടില്‍ വന്ന് ശല്യം ചെയ്തെന്ന് പെണ്‍കുട്ടിയുടെ അമ്മ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹോട്ടലിൽ ഉന്നത സൈനിക ഉദ്യോഗസ്ഥൻ പെൺകുട്ടിക്കൊപ്പം എത്തിയത് വിവാദമായതോടെ കരസേന അന്വേഷണം തുടങ്ങി. മേജർ ലിത്തുൽ ഗൊഗോയ്ക്കെതിരെയാണ് അന്വേഷണം. മേജർ ലിത്തുൽ ഗൊഗോയ് കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനായാലും തെറ്റ് ചെയ്താൽ കർശന നടപടിയെടുക്കും. മേജർ ഗോഗോയാണ് തെറ്റ് ചെയ്തതെങ്കിൽ അയാൾക്ക് ശിക്ഷ കൊടുത്തിരിക്കും. ആ ശിക്ഷ മാതൃകാപരവുമാകും- ബിപിൻ റാവത്ത് വ്യക്തമാക്കി.

സൈനികർക്ക് നേരെയുണ്ടായ കല്ലേറ് പ്രതിരോധിക്കാൻ, കശ്മീരി യുവാവിനെ പട്ടാളജീപ്പിന്‍റെ ബോണറ്റിൽ കെട്ടിവച്ച് യാത്രചെയ്ത് വൻ വിവാദം സൃഷ്ടിച്ച ഉദ്യോഗസ്ഥനാണ് മേജർ ലിത്തുൽ ഗൊഗോയ്. നാല് ദിവസം മുമ്പ്, മേജർ ഗൊഗോയിയെയും സഹായിയെയും ഒരു പെൺകുട്ടിക്കൊപ്പം ബദ്ഗാമിലെ ഹോട്ടലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതാണ് പുതിയ വിവാദം. കശ്മീരി പെൺകുട്ടിക്കൊപ്പം ഗൊഗോയിക്ക് മുറി നൽകില്ലെന്ന് ഹോട്ടൽ ജീവനക്കാർ നിലപാടെടുത്തു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ആരോപണമുയർന്നു.

മേജർ ഗൊഗോയ് ഇത് ചോദ്യംചെയ്തതോടെ വാക്കേറ്റവും ബഹളവുമായി. തുടർന്ന് പൊലീസെത്തി സൈനിക ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെയാണ് സൈന്യം അന്വേഷണം പ്രഖ്യാപിച്ചത്. മേജർ ഗൊഗോയിയും സഹായിയും ഒന്നിലേറെ തവണ രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയിട്ടുണ്ടെന്ന് പെൺകുട്ടിയുടെ അമ്മയും ആരോപിച്ചു. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് മനസ്സിലായതോടെ കസ്റ്റഡിയിലെടുത്ത മേജർ ഗൊഗോയടക്കമുള്ളവരെ പിന്നീട് വിട്ടയച്ചുവെന്ന് പൊലീസ് പറയുന്നു.