Asianet News MalayalamAsianet News Malayalam

പൊന്നമ്പലമേട്ടിൽ മകരവിളക്ക് കണ്ടു; ശരണംവിളികളാൽ മുഖരിതമായി സന്നിധാനം

പൊന്നമ്പലമേടിന്‍റെ ആകാശത്ത് സന്ധ്യയോടെ മകരവിളക്ക് കണ്ടു. ഭക്തിനിർഭരമായി ശരണംവിളികളോടെ ഭക്തലക്ഷങ്ങളാണ് മകരവിളക്ക് കണ്ട് തൊഴുതത്. 

makaravilakk lit at ponnambalamedu
Author
Sannidhanam, First Published Jan 14, 2019, 6:35 PM IST

സന്നിധാനം: ഒരു തീർഥാടകകാലത്തിന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടിൽ മകരവിളക്ക് കണ്ടു. ദിവസങ്ങളായി പർണശാലകൾ കെട്ടി കാത്തിരുന്ന ഭക്തലക്ഷങ്ങളാണ് മകരജ്യോതി കണ്ട് തൊഴുതത്. അതേ സമയം പൊന്നമ്പലമേടിന്‍റെ ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു.

വൈകിട്ട് ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി. മരക്കൂട്ടത്ത് വൈകിട്ട് അഞ്ചരയോടെ എത്തിയ തിരുവാഭരണഘോഷയാത്രയെ എക്സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോർഡ് പ്രസിഡന്‍റും ഉൾപ്പടെയുള്ളവർ ഏറ്റുവാങ്ങി.

പതിനെട്ടാം പടിയിലെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് ദീപാരാധനയ്ക്കായി നട അടച്ചു. ഭക്തരുടെ തിരക്ക് കാരണം നിലയ്ക്കൽ ബേസ് ക്യാംപ് നിറഞ്ഞുകവിഞ്ഞ നിലയിലാണ്. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തർ എത്തിയിരിക്കുന്നത്. 

ഇക്കൊല്ലം മകരസംക്രമപൂജയ്ക്കുള്ള മുഹൂർത്തം വൈകിട്ട് 7.52-നാണ്. കവടിയാർ കൊട്ടാരത്തിൽ നിന്ന് ദൂതൻ വഴി എത്തിച്ച അയ്യപ്പമുദ്രയിലെ നെയ്യാണ് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നത്. ഇതിനായി തിരുവാഭരണം അഴിച്ചുമാറ്റി വീണ്ടും ചാർത്തിയാണ് പൂജ നടത്തുക. 

മകരവിളക്ക് തത്സമയസംപ്രേഷണം കാണാം:

Follow Us:
Download App:
  • android
  • ios