ശബരിമല: മകരവിളക്ക് ദര്‍ശനത്തിനായി പുല്ലുമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ സുരക്ഷയാണ് ഇത്തവണയും ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ 1500 ഓളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.
ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മകരജ്യോതി കാണാനായി എത്തുന്നത് പുല്ലുമേട്ടിലാണ്. ശബരിമല ദര്‍ശനം കഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങുന്നവരാണ് ഇവരിലധികവും. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ഇരു ഭാഗത്തേക്കുമായി ഓരുലക്ഷത്തോളം പേര്‍ ഇതുവഴി കടന്നു പോയിട്ടുണ്ട്. പൊലീസ്, റവന്യൂ, ആരോഗ്യം, വനം, വൈദ്യുതി തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പുല്ലുമേട്ടില്‍ മാത്രം 590 പൊലീസുകാരെയാണ് വിന്യസിക്കുക. കോഴിക്കാനത്തും പുല്ലുമേട് റൂട്ടിലും സത്രം ഭാഗത്തും വരെ റവന്യൂ വകുപ്പ് ട്യൂബ് ലൈറ്റുകള്‍ സ്ഥാപിച്ചു. കുടിവെള്ളവും സജ്ജമാക്കി. തിരക്ക് നിയന്ത്രിക്കാന്‍ വടം ഉപയോഗിച്ച് താല്‍ക്കാലിക വേലി നിര്‍മ്മിച്ചു. ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറും പ്രവര്‍ത്തനം ആരംഭിച്ചു. കാനന പാതയില്‍ ഭക്തരെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ വനംവകുപ്പിന്റെ എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോഴിക്കാനത്തു നിന്നും കുമളി വരെ 60 കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തും.
