അഹമ്മദാബാദ്: നരേന്ദ്ര മോദിയെ മഹാത്മാഗാന്ധിയോട് താരതമ്യംചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോദിയേ ഗാന്ധിയോട് വിജയ് റുപാനി താരതമ്യം ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് 'സ്വദേശി' ഗാന്ധി പ്രചരിപ്പിച്ചത് പോലെയാണ്  ആഗോളവല്‍ക്കരണ കാലത്ത് മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ'യെന്നാണ് വിജയ് റുപാനിയ പറഞ്ഞത്. 

രാജ്യത്തിന്‍റെ ശുചിത്വത്തിന് പ്രാധാന്യം കല്‍പ്പിച്ച് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോദി ചൂലെടുത്തപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കളിയാക്കി. എന്നാല്‍ ഇന്ന് രാജ്യം മൊത്തം ശുചിത്വ ഭാരത മിഷനില്‍ പങ്കാളിയാകുന്നു. സ്വാതന്ത്ര്യ സമരകാലത്തെ മഹാത്മാഗാന്ധിയുടെ മഹത് വചനങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്.  രാജ്യത്തിന് വേണ്ടി മരിക്കുക എന്നതായിരുന്നു സ്വാതന്ത്ര്യത്തിന് മുമ്പുള്ള മുദ്രാവാക്യമെങ്കില്‍ രാജ്യത്തിന് വേണ്ടി ജീവിക്കുകയും രാജ്യത്തിന്‍റെ പുരോഗതിക്കായി പ്രയത്നിക്കുകയെന്നതാണ് ഇപ്പോഴത്തേ മുദ്രാവാക്യമെന്നും വിജയ് റുപാനി പറഞ്ഞു.