തോട്ടം തൊഴിലാളികളുടെ മകള്‍ മേയ്ക്കപ് രംഗത്ത് തിളങ്ങുന്നു മൂന്നാറിന്‍റെ അഭിമാനമായി ബാനു

ഇടുക്കി: പ്രകൃതി മനോഹാരിതയുടെ മടിത്തട്ടായ മൂന്നാറില്‍ നിന്നും മേയ്ക്കപ്പെന്ന കലയിലൂടെ ശ്രദ്ധേയയാവുകയാണ് തോട്ടം തൊഴിലാളികളുടെ മകളായ ബാനു. ചെറുപ്പം മുതല്‍ മേയ്ക്കപ്പില്‍ കമ്പമുണ്ടായിരുന്ന ബാനു കലൈവാണി പ്രശസ്ഥ സിനിമാ മേക്കപ്മാന്‍ പട്ടണം റഷീദിന്‍റെ ശിഷ്യകൂടിയാണ്. മിസ് മില്ലേനിയത്തില്‍ പങ്കെടുത്ത് മത്സരാര്‍ത്ഥികള്‍ക്കും മുഖശ്രീ പകര്‍ന്ന് നല്‍കുവാന്‍ ബാനുവിന് കഴിഞ്ഞിട്ടുണ്ട്. മൂന്നാര്‍ മാട്ടുപ്പെട്ടി ഡിവിഷനില്‍ ഗ്രാംസ്ലാന്‍റ് എസ്റ്റേറ്റിലെ തൊഴിലാളികളായ ദുരൈപാണ്ടിയുടേയും പശുപതിയുടേയും മകളായ ബാനുവിന് ജീവിതമെന്നത് സ്ത്രീ സൗന്ദര്യത്തിന്റെ ചായക്കൂട്ടുകളാണ്. 

സിനിമയോ, നാടകമോ, ഡാന്‍സോ ഏത് കലതന്നെയായാലും മേയ്ക്കപ്പിന് വലിയ പ്രധാന്യമാണ് ഉള്ളത്. ഓരോ മുഖത്തിന്റേയും ഭാവത്തിനനുസരിച്ച് ആസ്വാദനത്തിന്റെ സൗന്ദര്യം പകര്‍ന്ന് നല്‍കുകയാണ് ഓരോ മേക്കപ് ആര്‍ട്ടിസ്റ്റുകളും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആധുനിക കാലഘട്ടത്തില്‍ മേയ്ക്കപ്പിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇത് വളരെ ചെറുപ്പത്തില്‍ തിരിച്ചറിഞ്ഞ വ്യക്തിയാണ് ബാനുവെന്ന പെണ്‍കുട്ടി. ബാനുവിന്റെ ഇഷ്ടങ്ങളെ പ്രോത്സാഹിപ്പിച്ച് എന്നും തോട്ടം തൊഴിലാളികളായ അമ്മയും അച്ചനും ഒപ്പമുണ്ടായിരുന്നു. 

അതുകൊണ്ടുതന്നെ തന്റെ ഇഷ്ടമേഖലയില്‍ ഒരു തിരിഞ്ഞ് നോട്ടത്തിന് ബാനുവിന് ഇടയുണ്ടായിട്ടില്ല. മകളുടെ ഇഷ്ടങ്ങള്‍ക്ക് ഒരിക്കലും എതിര് നിന്നിട്ടില്ലെന്നും ഇനിയും ഉയരങ്ങളില്‍ എത്തണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും ബാനുവിന്റെ പിതാവ് ദുരൈപാണ്ടി പറയുന്നു. അഞ്ചാം ക്ലാസ്സുവരെ ബാനു മൂന്നാര്‍ വിമലഗിരി സ്‌കൂളിലാണ് പഠിച്ചത്. തുടര്‍ന്ന് പത്താം ക്ലാസ്സുവരെ തമിഴ്‌നാട്ടിലും. ഹൈസ്‌കൂള്‍ പഠനത്തിനിടയിലാണ് മേയ്ക്കപ്പെന്ന തന്റെ പ്രിയപ്പെട്ട കലയുമമായി ഏറെ അടുക്കുന്നത്. പത്താം ക്ലാസ്സുകഴിഞ്ഞ് തുടര്‍പഠനത്തിന് സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ ചെന്നൈയിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ബ്യൂട്ടിഷന്‍ കോഴ്‌സ് പഠിക്കാന്‍ കയറി. 

ഇവിടെ നിന്നും മേയ്ക്കപ്പില്‍ പ്രാവീണ്യം നേടിയ ബാനു പിന്നീട് ബാംഗ്ലൂരിലും ഇവിടെ നിന്നും കൊച്ചിയിലേയ്ക്കും എത്തി. കൊച്ചിയില്‍വച്ചാണ് പ്രശസ്ഥ സിനിമാ മേക്കപ് മാന്‍ പട്ടണം റഷീദിനെ പരിചയപ്പെടുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തത്. ഇതിനോടകം നിരവധിയായ സിനിമാ താരങ്ങള്‍ക്കും മേയ്ക്കപ്പിട്ടിട്ടുണ്ട്. കൂടാതെ 2016-17ല്‍ നടന്ന ബ്യൂട്ടി കോണ്ടസ്റ്റ് മിസ് മിലേനിയത്തിലും മത്സാരാര്‍ത്ഥികള്‍ക്ക് ബാനു സൗന്ദര്യത്തിന്റെ ചായക്കൂട്ടുകള്‍ പകര്‍ന്ന് നല്‍കിയിട്ടുണ്ട്. 

ഇനിയും സിനിമാ മേഖലയില്‍ തന്റെ സാനിദ്ധ്യമുറപ്പിക്കണമെന്നതാണ് ബാനുവിന്റെ ആഗ്രഹം. എന്നാല്‍ മേയ്ക്കപ്മാന്‍ എന്ന തരത്തില്‍ ഐ.ഡി. കാര്‍ഡ് ഇതുവരെയും സിനിമാ രംഗത്തുള്ള സ്ത്രീകള്‍ക്ക് നല്‍കാത്തത് സിനിമാ മേഖലയില്‍ ഇവരുടെ കടന്നുവരവിന് തിരിച്ചടിയാണ്. മറ്റ് എല്ലാ മേഖലയിലും സ്ത്രീകളുടെ കടന്നുവരവ് വലിയ സ്വീകാര്യതയുണ്ടായ ഈ കാലത്ത് സിനിമ മേഖലയിലും സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബാനുവും.