മലബാർ സിമന്‍റ്സ് മുൻ എം ഡി കെ പത്മകുമാറിനെ സസ്പെന്‍റ് ചെയ്ത ഉത്തരവ് പൂഴ്ത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ജനകീയ ആക്ഷൻ കൗൺസിൽ. സർക്കാർ നടപടി ഉണ്ടാകുന്നില്ലെങ്കിൽ ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാനാണ് ആക്ഷൻ കൗൺസിലിന്‍റ തീരുമാനം.
മലബാർ സിമന്‍റ്സ് അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റു ചെയ്തതോടെ, എംഡിയായിരുന്ന കെ പത്മകുമാറിനെ തൽസ്ഥാനത്തു നിന്നു നീക്കിയിരുന്നു. അതിനുശേഷം വ്യവസായ വകുപ്പിന് കീഴിലുള്ള റിയാബ് സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കുകയും സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്ത് ഉത്തരവിടുകയും ചെയ്തു. എന്നാൽ സപ്തംബറിൽ പുറത്തിറങ്ങിയഉത്തരവ് നിയമ വ്യവസായ സെക്രട്ടറിമാരും, ചീഫ് സെക്രട്ടറിയും ചേർന്ന് പൂഴ്ത്തിവച്ചുവെന്നാണ് ആരോപണം. നാലു മാസത്തിന് ശേഷം ഇക്കഴിഞ്ഞ ഒമ്പതിന് പത്മകുമാറിനെ സസ്പെന്‍റ് ചെയ്ത് മുഖ്യമന്ത്രിക്ക് വീണ്ടും ഉത്തരവിടേണ്ടി വന്നതിൽ ദുരൂഹതയുണ്ടെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.
വിഷയത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നാണ് ജനകീയ ആക്ഷൻ കൗൺസിലിന്‍റെ ആവശ്യം. അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആക്ഷൻ കൗൺസിൽ.
