കോഴിക്കോട്: മലബാര്‍ സിമന്‍റ്സിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് വ്യവസായി വി എം രാധാകൃഷ്ണനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു.എന്‍ഫോഴ്സമെന്‍റ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. വി എം രാധാകൃഷ്ണനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു.

2004 മുതല്‍ 2006 വരെ മലബാര്‍ സിമന്‍റ്സിലെ ഇടപാടുകളില്‍ അഴിമതി നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.ഇതില്‍ നാല് കേസുകളും നിലവില്‍ ഉണ്ട്. ഇടപാടുകളില്‍ 23.5 കോടി രൂപയുടെ അഴിമതി നടന്നതായാണ് വിജിലന്‍സ് കേസ്. ഇതിന്റെ ഭാഗമായാണ് വിഎം രാധാകൃഷ്ണനെ എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ച് വിളിപ്പിച്ചത്.

കോഴിക്കോട് കല്ലായിലെ എന്‍ഫോഴ്സെമെന്റ് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. അഴിമതിപണം കൊണ്ട് എന്ത് ചെയ്തു എന്ന അന്വേഷണമാണ് എന്‍ഫോഴ്സ്മെന്റ് നടത്തുന്നത്. ഈ മാസം അവസാനത്തോടെ വീണ്ടും ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്റ് വി എം രാധാകൃഷ്ണന് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. നാല് മണിക്കൂറോളം നേരമായിരുന്നു ചോദ്യം ചെയ്യല്‍.