ആറു വര്‍ഷത്തിന് ശേഷം ജന്മനാട്ടിലെത്തി, വീട്ടുമുറ്റത്ത് മലാല പൊട്ടിക്കരഞ്ഞു

ഇസ്ലാമാബാദ്: ചരിത്രപരമായ ഒരു തിരിച്ചുപോക്കായിരുന്നു നോബല്‍ സമ്മാന ജേതാവ് കൂടിയായ മലാലയുടെ പാക് സന്ദര്‍ശനം. മരണത്തിന്‍റെ വക്കില്‍ നിന്ന് തിരിച്ച് ജീവിതത്തിലേക്ക് എത്തിയതിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം വീട്ടിലെത്തിയപ്പോള്‍ മലാല പൊട്ടിക്കരഞ്ഞു. പാകിസ്താനിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണമെന്ന ആവശ്യം മുന്നോട്ട് വച്ച് പ്രവര്‍ത്തനം ആരംഭിച്ചതിന്‍റെ പേരിലാണ് ചെറു പ്രായത്തില്‍ തന്നെ മലാല താലിബാന്‍ തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടത്. തലയ്ക്കും നെഞ്ചിലുമടക്കം വെടിയേറ്റ മലാല തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്. 

തുടര്‍ന്ന് പഠനവും ചികത്സയുമെല്ലാം ബ്രിട്ടനിലായിരുന്നു. എന്ത് ദുരന്തം തേടിയെത്തിയാലും താനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും സുന്ദരവുമായ ഇടം തന്‍റെ നാടാണെന്ന് മലാല പറയുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം പാകിസ്ഥാനിലേക്ക് തിരിച്ചുവരും. പാകിസ്ഥാനിലെ വിദ്യാഭ്യാസ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കുമെന്നും ഇരുപതുകാരിയായ മലാല ഇസ്ലാമാബാദില്‍ പറഞ്ഞു.

പിതാവിനും മറ്റ് ബന്ധുക്കളോടും ഒപ്പമായിരുന്നു മലാലയുടെ പാകിസ്ഥാനിലെത്തിയത്. സ്വന്തം വീടും സ്കൂളും, അന്നത്തെ സഹപാഠികളെയും മലാല സന്ദര്‍ശിച്ചു. സ്കൂളിലെത്തിയപ്പോള്‍ വീണ്ടും മലാലയ്കക്ക് കരിച്ചില്‍ അടക്കാന്‍ സാധിച്ചില്ല. വിദേശത്തേക്ക് താമസം മാറിയ ശേഷം താന്‍ പാകിസ്ഥാനിലേക്ക് തിരിച്ചുവരണമെന്ന് ഏറെ ആഗ്രഹിക്കുന്നതായും മലാല വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന പരിപാടിയിലും മലാല സംസാരിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു മലാല ഇസ്ലാമാബാദിലെത്തിയത്.