ലണ്ടന്‍: നോബേല്‍ ജേതാവ് മലാല യൂസഫ്സായി ഓക്സ്ഫോഡില്‍ ചേരുന്നു. ട്വിറ്ററിലൂടെയാണ് സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിച്ച വിവരം മലാല അറിയിച്ചത്. ഹാരിപോര്‍ട്ടര്‍ രചയിതാവ് ജെ കെ റൗളിംങ് അടക്കമുള്ള പ്രമുഖര്‍ മലാലയ്ക്ക് ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലെ ആശംസ പ്രവാഹത്തിന് മലാലയും പിതാവ് സിയാവുദീന്‍ യൂസഫ്സായും നന്ദി രേഖപ്പെടുത്തി. ഫിലോസഫി, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയമീംമാംസ എന്നീ വിഷയങ്ങളാണ് മലാല പഠിക്കുക.
ഓക്സ്ഫോഡില്‍ ചേരുന്നതിന്‍റെ ആകാംഷയും മലാല ട്വീറ്റില്‍ പങ്കിട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭാസത്തിനായി മലാല നടത്തിയ പോരാട്ടങ്ങള്‍ക്ക് 2014ലാണ് നോബേല്‍ ലഭിച്ചത്. 2012 ഒക്ടോബര്‍ ഒമ്പതിന് മലാലയ്ക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റിരുന്നു. സമാധാനത്തിനുള്ള നോബേല്‍ നേടിയ പ്രായം കുറഞ്ഞയാളാണ് മലാല.
നേരത്തെ ബ്രിട്ടീഷ് സര്‍വ്വകലാശാലയില്‍ പഠിക്കാനുള്ള ക്ഷണം മലാലയ്ക്ക് ലഭിച്ചിരുന്നു. കനേഡിയന്‍ ഓണററി പൗരത്വം ലഭിച്ച ആറു പേരില്‍ ഒരാളാണ് മലാല യൂസഫ്സായി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഐകിയ രാഷ്ട്രസഭയുടെ പദ്ധതിയുടെ അംബാസിഡര്‍ കൂടിയാണ് മലാല.
