കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രചോദനമാണ് നോബല്‍ സമ്മാന ജേതാവായ മലാല യൂസഫ്‍സായ്. ഐ.ആം മലാല എന്ന പേരില്‍ മലാല രചിച്ച ആത്മകഥ പരക്കെ ശ്രദ്ധിക്കപ്പെട്ടു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടികള്‍ക്ക് വേണ്ടി പുതിയ പുസ്തകം പുറത്തിറക്കാന്‍ പോവുകയാണ് മലാല. നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വേണ്ടിയാണീ പുസ്തകം. പുതിയ പുസ്തകത്തിന്‍റെ പേര് മലാലയുടെ മാജിക് പെന്‍സില്‍ എന്നാണ്. ഒക്ടോബര്‍ മുതല്‍ പുസ്തകം വിപണിയില്‍ ലഭ്യമാകും.

പുസ്തകത്തിന്‍റെ ഒരു കോപ്പിയുമായി നില്‍ക്കുന്ന ചിത്രം ട്വിറ്ററിലൂടെ മലാല പുറത്ത് വിട്ടിരുന്നു. തന്‍റെ ചെറുപ്പകാലത്ത് ഒരു മാജിക്ക് പെന്‍സിലിന് വേണ്ടി മലാല ആഗ്രഹിച്ചിരുന്നു. എല്ലാവരെയും സന്തേഷിപ്പിക്കുന്ന പെന്‍സില്‍ , പട്ടണത്തില്‍ നിന്ന് മാലിന്യങ്ങളുടെ മണം മായിച്ച് കളയുന്ന പെന്‍സില്‍, ഒരു മണിക്കൂര്‍ അധികം ഉറങ്ങാന്‍ സഹായിക്കുന്ന പെന്‍സില്‍. എന്നാല്‍ വളര്‍ന്ന് തുടങ്ങിയപ്പോള്‍ ഇതിലും വലിയ കാര്യങ്ങള്‍ ആഗ്രഹിക്കാനുണ്ടെന്ന് മലാല മനസ്സിലാക്കുകയായിരുന്നു. ഒരു മാജിക്ക് പെന്‍സില്‍ കിട്ടിയില്ലെങ്കിലും തന്‍റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനായി കഠിനാധ്വാനം ചെയ്യണമെന്ന് മലാല തീരുമാനിക്കുകയായിരുന്നു. പുസ്തകത്തിന്‍റെ പ്രസാധകരായ ഹാച്ച്റ്റെ വെബ്സൈറ്റില്‍ എഴിതിയതാണിത്.

തന്‍റെ അമ്മ, പുസ്തകം വായിച്ച് കൊണ്ടുനില്‍ക്കുന്ന ഒരു ചിത്രവും മലാല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിന്‍ഡ്രല്ലയ്ക്കും സ്നോ വൈറ്റിനുമപ്പുറം യഥാര്‍ത്ഥ ജീവിതത്തില്‍ തിളങ്ങിയ മദര്‍ തെരേസ,ഹെലന്‍ കെല്ലര്‍, കല്‍പ്പനാ ചൗള എന്നിവരെ പുസ്തകത്തിലൂടെ കുട്ടികളെ അറിയിക്കാന്‍ ശ്രമിക്കുന്നുണ്ട്. മാജിക്ക് പെന്‍സില്‍ ഇല്ലായെങ്കിലും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നമ്മള്‍ കഠിനാധ്വാനം ചെയ്യണമെന്നാണ് പുസ്തകത്തിലൂടെ മലാല പറയുന്നത്.