പാലക്കാട്: മലമ്പുഴ ഡാമിനുള്ളിൽ മേയാൻ വിടുന്ന കന്നുകാലികൾ വ്യാപകമായി ചത്തു വീഴുന്നു.. ചാവുന്ന മൃഗങ്ങളെ കുഴിച്ചിടുന്നത് ഡാമിനുള്ളിൽ നീരൊഴുക്കുകൾക്ക് സമീപം . 35 ലക്ഷം ആളുപയോഗിക്കുന്ന കുടിവെള്ളം മലിനപ്പെടുത്തുന്നതിനെതിരെ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി.

ഞങ്ങളെത്തുമ്പോൾ ഈ കാലി ചത്തു വീണിട്ട് 3 ദിവസം പിന്നിട്ടു. അഴുകിത്തുടങ്ങിയ ശവശരീരം തെട്ടാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. ഇത് ഇതിനും ഏതാനും ദിവസം മുൻപ് ചത്തു വീണ മറ്റൊരു പോത്തിന്‍റെ ശവശരീരം. കുഴിച്ചിട്ടത് വെറും ഒരടി താഴ്ചയിൽ. എളുപ്പം കുഴിക്കാൻ തിരഞ്ഞെടുത്തതും നീരൊഴുക്കുള്ള സ്ഥലം തന്നെ.

അസുഖം ബാധിച്ചവയെന്ന് തോന്നുന്ന നിരവധി കാലികളെയും ഞങ്ങളിവിടെ കണ്ടു. പ്രത്യേക ഭക്ഷണവും വെള്ളവും നൽകേണ്ടാത്തതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം കന്നുകാലികളെ ഡാമിനുള്ളിൽ കൂട്ടത്തോടെ കൊണ്ടു വന്നു ഡാമിനുള്ളിൽ മേയാൻ വിടുന്നതു പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരുടെ അറിവിൽ ഒറ്റമാസത്തിനിടയിൽ 12 കന്നു കാലികളാണ് ഇവിടെ ചത്തു വീണത്.

കന്നു കാലികൾ സമീപത്തെ തോട്ടങ്ങളിൽ വീണു ചത്തുകഴിഞ്ഞാൽ പിന്നെ ഉടമകൾ ഇവയെ ഉപേക്ഷിക്കുകയാണ് പതിവ്. കുഴിച്ചിടേണ്ടത് നാട്ടുകാരോ, സ്ഥലമുടമകളോ. പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം

മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളാണ് കുടിവെള്ളത്തിന് മലമ്പുഴയെ ആശ്രയിക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്‍റെ കാലത്ത് കന്നുകാലി ജഡങ്ങൾ ചീഞ്ഞളിഞ്ഞ കുടിവെള്ളമുപയോഗിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടാൽ ഒട്ടും അദ്ഭുതപ്പെടേണ്ടെന്ന് സാരം.