മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ മന്ദഗതിയിലായിരുന്നുവെങ്കിലും ഉച്ചസമയത്ത് പലകേന്ദ്രങ്ങളിലും ഭേദപ്പെട്ട പോളിംഗാണ് നടന്നത്. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു.
പോളിംഗിന്‍റ ആദ്യഘട്ടത്തില്‍ ലീഗിന്‍റ ശക്തി കേന്ദ്രങ്ങളായ മഞ്ചേരി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നല്ല പോളിംഗായിരുന്നു നടന്നത്. എന്നാല്‍ വേങ്ങരയില്‍ ആദ്യമണിക്കൂറുകളില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ആളുകള്‍ കുറവായിരുന്നു. ഇടതു ശക്തി കേന്ദ്രങ്ങളായ പെരിന്തല്‍ മണ്ണയിലും മങ്കടയിലും തുടക്കത്തില്‍ പോളിംഗ് ശതമാനം കുറവായിരുന്നു. പിന്നീട് 11 മണിയോടു കൂടിയാണ് ഇവിടത്തെ പോളിങ്ങ് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ കാര്യമായി എത്തിത്തുടങ്ങിയത്. ഉച്ചയോടു കൂടി ഏഴു നിയമസഭ മണ്ഡലങ്ങലിലും പോളിംഗ് ശതമാനത്തില്‍ നല്ല വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഏറെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും 12 ഇടങ്ങളില്‍ പോളിംഗ് യന്ത്രങ്ങള്‍ തകരാറ് സംഭവിച്ചു. രാവിലെ എട്ടു മണിക്കു മുന്‍പു തന്നെ 11 ഇടങ്ങളിലെയും തകരാറുകള്‍ പരിഹരിക്കാനായി.
മലപ്പുറം കാരാപ്പറമ്പിലെ ഇരുപത്തിയഞ്ചാം നമ്പര്‍ ബുത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ അത്രയും വോട്ടു പതിഞ്ഞില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. സാങ്കേതി വിദഗ്ദര്‍ എത്തി കൃത്യമായ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പിന്നീട് ഉറപ്പു വരുത്തി. കനത്ത ചൂടു കാരണം വോട്ടര്‍മാര്‍ പകല്‍ സമയം മാറിനില്‍ക്കുന്നതാണ് പല പോളിംഗ് ബത്തുകളിലും ആളുകള്‍ കുറയാനുള്ള കാരണമെന്നാണ് നിഗമനം. എസ് ഡി പി എ എ വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍ ഈ തെരഞ്ഞെടുപ്പില്‍ സജീവമല്ലാത്തതും മററൊരു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
