മലപ്പുറം: മലപ്പുറത്ത് 2014 ല്‍ ഇ അഹമ്മദ് നേടിയ ഭൂരിപക്ഷം മറികടക്കാനാകില്ലെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍. അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങള്‍ ഇപ്പോഴില്ലെന്ന് പറയുമ്പോഴും ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് മലപ്പുറത്ത് പ്രതീക്ഷിക്കുന്നു
4ലക്ഷത്തി 37 ആയിരത്തി 723 വോട്ടുകളാണ് 2014 ല്‍ ഇ അഹമ്മദിന് ലഭിച്ചത്. യുഡിഎഫിൻറെ ഭൂരിപക്ഷം 1 ലക്ഷത്തി 94 ആയിരത്തി 739. അന്ന് ഇടത് സ്ഥാനാര്‍ത്ഥി പി കെ സൈനബ തട്ടവിവാദമാണ് എല്‍ഡിഎഫിൻറെ വോട്ടുവിഹിതം കുറച്ചത്. ഇത്തവണ അത്തരമൊരു സാഹചര്യമുണ്ടായില്ലെന്ന് യുഡിഎഫ് കരുതുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി മലപ്പുറം ലോക് സഭാമണ്ഡലത്തില്‍ നേടിയത് 4ലക്ഷത്തി 92ആയിരത്തി 575 വോട്ടുകളാണ്. എല്‍ഡിഎഫിനേക്കാള്‍ 1ലക്ഷത്തി 18696 വോട്ടുകള്‍ അധികം. ഈ നിലയില്‍ നിന്നും ഏറെ വര്‍ദ്ധവുണ്ടാകുമെന്നും ഒന്നരലക്ഷത്തിനും ഒന്നേമുക്കാല്‍ ലക്ഷത്തിനും ഇടയില്‍ ഭൂരിപക്ഷം നേടുമെന്നുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്
പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാത്തത് തിരിച്ചടി ആകില്ല. വെല്‍ഫയര്‍-എസ് ഡിപിഐ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതാണ് പോളിംഗ് ശതമാനം ഉയരാത്തതിന് കാരണം. മുന്നണിയുടെ വോട്ടുകള്‍ എല്ലാം പെട്ടിയില്‍ വീണിട്ടുണ്ടെന്നും യുഡിഎഫ് വിലയിരുത്തുന്നു.
373879 വോട്ടുകളാണ് എല്‍ഡിഎഫിന് 2016 ല്‍ ലഭിച്ചിട്ടുള്ളത്. എല്‍ഡിഎഫിന്‍റെ വോട്ട് വിഹിതത്തില്‍ വര്‍ദ്ധനവുണ്ടാകില്ലെന്ന് യുഡിഎഫ് കരുതുന്നു. പക്ഷെ ബിജെപി നേടുന്ന വോട്ടുകള്‍ ഭൂരിപക്ഷം തീരുമാനിക്കുന്നതില്‍ ഏറെ നിര്‍ണായകമായേക്കും. 2016 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്സഭാമണ്ഡലത്തില്‍ ബിജെപി നേടിയത് 73447 വോട്ടുകളാണ്.
ഇത്തവണ ഇതില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് യുഡിഎഫും കരുതുന്നുണ്ട്. ഈ വോട്ടുകള്‍ ഏത് മുന്നണിയുടെ അക്കൗണ്ടില്‍ നിന്നും ചോരുമെന്നതാണ് മലപ്പുറത്ത് ഇനി അറിയേണ്ടത്.
