മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ടു മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. പത്തരയോടെ ജനവിധിയുടെ പൂര്‍ണ്ണചിത്രം
വ്യക്തമാകും.
മലപ്പുറം ഗവണ്‍മെന്റ് കോളേജിലാണ് വോട്ടെണ്ണനല്‍ നടക്കുക. രാവിലെ 7.50ന് വോട്ടിംങ്ങ് യന്ത്രങ്ങള്‍ കൗണ്ടിംഗ് സ്റ്റേഷനുകളിലേക്കെത്തിക്കുന്നതോടെ വോട്ടെണ്ണല്‍ പ്രക്രിയക്ക് തുടക്കമാകും. ഇത്തവണ പോസ്റ്റല്‍ വോട്ടുകള്‍ വിരലിലെണ്ണാവുന്നത്രയെ ഉള്ളൂ. ഏഴു മണ്ഡലങ്ങളുടെ വോട്ട് ഏഴു സ്ഥലങ്ങളിലായി എണ്ണും. മലപ്പുറം വേങ്ങര മണ്ഡലങ്ങള്‍ക്ക് 12 ടേബിളുകളും ബാക്കി അഞ്ചു മണ്ഡലങ്ങള്‍ക്ക് പത്തു ടേബിളുകളുമാണ് ഉണ്ടാവുക. ആദ്യ ഫലസൂചനകള്‍ എട്ടരയോടെയും അന്തിമഫലം പത്തരയോടെയും അറിയാനാകും.
71.33 ശതമാനം പോളിംഗാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 13,12,693 വോട്ടര്‍മാരില്‍ സമ്മതിദാന അവകാശം വിനിയോഗിച്ചത് 9,36315 പേരാണ്. 2014 നേക്കാള്‍ 1,14000 വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ടെങ്കിലും പോളിംഗ് ശതമാനം വലിയ തോതില്‍ ഉയരാത്തത് എല്ലാ പാര്‍ട്ടികള്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
2014ല്‍ ഇ അഹമ്മദ് നേടിയ 1.94,739 വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കുന്ന ഫലം ഉണ്ടാകില്ലെന്നാണ് യുഡിഎഫിന്റ വിലയിരുത്തല്‍. ജയിക്കാനായില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ കുറവുണ്ടാക്കാന്‍ സാധിക്കുമെന്ന് എല്‍ ഡി എഫ് ഉറച്ച് വിശ്വസിക്കുന്നു. കേന്ദ്രഭരണത്തിന്റെ നേട്ടങ്ങള്‍ പ്രചരണായുധമാക്കിയ ബിജെപി മലപ്പുറത്ത് ലക്ഷ്യമിടുന്നത് ഒരു ലക്ഷത്തിനടുത്ത് വോട്ടുകളാണ്.
