മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിനുള്ള മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി മുസ്ളിം ലീഗ് പ്രവര്‍ത്തകസമിതിയും പാര്‍ലമെന്‍ററി ബോര്‍ഡു യോഗവും മലപ്പുറത്ത് ചേരും.

ഇന്നു രാവിലെ 11 മണിക്കാണ് മുസ്ളിം ലീഗ് പ്രവര്‍ത്തകസമിതി മലപ്പുറം പാണക്കാട്ട് ചേരുന്നത്. വൈകീട്ട് 4 മണിക്ക് ചേരുന്ന പാര്‍ലമെന്‍റ് ബോര്‍ഡ് യോഗത്തിനു ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. മല്‍സരിക്കാനുള്ള ആലോചനയില്‍ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്നോട്ടു പോയെന്ന സൂചനയാണ് ഇപ്പോഴുള്ളത്. സംസ്ഥാന രാഷ്രീയത്തിലെ സുപ്രധാനസ്ഥാനം വിട്ട് ദേശിയ രാഷ്രീയത്തിലേക്ക് ചുവടുമാററുന്നത് നല്ല തീരുമാനം ആവില്ല എന്ന ഉപദേശമാണ് കുഞ്ഞാലിക്കുട്ടിക്ക് പ്രധാനമായും കിട്ടിയിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെതുടരണമെന്ന് കുഞ്ഞാലിക്കുട്ടിയോട് അഭ്യര്‍ത്ഥിച്ചതായും സൂചനയുണ്ട്. ഉത്തര്‍പ്രദേശില്‍
ബി ജെ പി നേടിയ വന്‍വിജയവും മല്‍സരിക്കരിക്കണോ എന്ന കാര്യത്തില്‍ ഒരു പുനരാലോചനക്ക് കാരണമായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കുഞ്ഞാലിക്കുട്ടി പിന്‍മാറിയാല്‍ സമദാനിയേയോ കെ എന്‍ എ ഖാദറിനേയോ പരിഗണിക്കാനാണ് സാധ്യത.

എങ്കിലും ദേശീയ ജനറല്‍ സെക്രട്ടറി എന്ന നിലയിലും ലീഗിന്‍റ ഏററവും പ്രധാനപ്പെട്ട മുഖമെന്ന നിലയിലും പി കെ കുഞ്ഞാലിക്കുട്ടിയുടെ പേരിനു തന്നെയാണ് ഇപ്പോഴും മുന്‍തൂക്കം. ചുരുക്കത്തില്‍ സ്ഥാനാര്ത്ഥിയെ നിശ്ചയിക്കുന്ന കാര്യത്തിലുള്ള ആശയക്കുഴപ്പം പ്രഖ്യാപനദിവസവും ലീഗില്‍ നിലനില്‍ക്കുകയാണ്.