കഞ്ചാവ് വില്‍പ്പനയുടെ വിവരം പൊലീസിനെ അറിയിച്ചെന്ന സംശയത്തെത്തുടർന്നാണ് പ്രതികൾ യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയത്
തിരൂർ: മലപ്പുറത്ത് തിരൂരിലും താനൂരിലുമായി മൂന്ന് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് കഞ്ചാവ് മാഫിയയെന്ന് തെളിഞ്ഞു. കേസിലെ രണ്ട് പ്രതികളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
കഞ്ചാവ് വില്‍പ്പനയുടെ വിവരം പൊലീസിനെ അറിയിച്ചെന്ന സംശയത്തെത്തുടർന്നാണ് പ്രതികൾ യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മലപ്പുറത്തെ തീരപ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന മുഹമ്മദ് ജംഷാദിനെയും അബ്ദുള്‍ ഹാസിക്കിനെയുമാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരൂര്‍ സ്വദേശികളും സുഹൃത്തുക്കളുമായ ജംഷീർ, സല്‍മാന്‍, ആഷിഖ് എന്നിവര്‍ക്കാണ് കഴിഞ്ഞ മാസം പത്താം തീയതി വെട്ടേറ്റത്. തിരൂര്‍ പറവണ്ണയില്‍ വെച്ച് രാത്രി പത്തരയോടെ ജംഷീറിനാണ് ആദ്യം വെട്ടേറ്റത്. ഇതേ സംഘം തന്നെയാണ് അര മണിക്കൂറിന് ശേഷം താനൂര്‍ ജനതാപടിയില്‍വെച്ച് സല്‍മാനെയും ആഷിഖിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കേസില്‍ പറവണ്ണ സ്വദേശി പുത്തന്‍പുരയ്ക്കല്‍ അഫ്സലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് കഞ്ചാവ് മാഫിയയുടെ പങ്ക് വ്യക്തമായതും രണ്ട് പ്രതികളെക്കൂടി അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതും.
കേസില്‍ മുഖ്യപ്രതികളായ നാല് പേരെക്കൂടി ഇനിയും പിടികൂടാനുണ്ട്. ഫോൺ ലൊക്കേഷനുകള്‍ പിന്തുടര്‍ന്ന് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് തിരൂര്‍ പൊലീസ്.
