കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്‍റെ സഹതടവുകാരന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് ചാലക്കുടി സ്വദേശി ജിൻസിന്‍റെ മൊഴി രേഖപ്പെടുത്താൻ ഏറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. ഉത്തരവിന്‍റെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു.
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പെരുമ്പാവൂർ സ്വദേശി സുനിൽ കുമാർ എഴുതിയതെന്ന് കരുതപ്പെടുന്ന ഒരു കത്ത് ഈയിടെ ജയിലിൽ നിന്നും പുറത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ നടനും സംവിധായകനുമായ ഒരാളുടെ പങ്ക് വിശദീകരിക്കുന്നതായിരുന്നു കത്ത്. ഈ കത്ത് ജയിലില്‍ നിന്ന് പുറത്തെത്തിച്ചത് സുനിൽ കുമാറിനൊപ്പം ജയിൽമുറിയിൽ കഴിഞ്ഞിരുന്ന ജിൻസ് ആണെന്നാണ് അനുമാനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജിൻസിന്‍റെ രഹസ്യ മൊഴിയെടുക്കാൻ പോലീസ് കോടതിയെ സമീപിച്ചത്.
ജിൻസിനെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്താനാണ് ഉത്തരവ്. മൊഴി രേഖപ്പെടുത്തിയ ശേഷം മുദ്രവെച്ച കവറിൽ കേസ് പരിഗണിക്കുന്ന കോടതിക്ക് മൊഴി കൈമാറാനും ഏറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നാല് ദിവസം മുമ്പ് ഉത്തരവിട്ടു. ഉത്തരവിന്‍റെ പകർപ്പ് അന്വഷണ സംഘത്തിനും കൈമാറി. കേസിൽ കുറ്റപത്രം നൽകിയ അന്വേഷണ സംഘം പുതിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കത്തുമായി ബന്ധപ്പെട്ട് സുനിൽകുമാറിനെയും സംഘം ചോദ്യം ചെയ്തുകഴിഞ്ഞു.
