തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഇനി മലയാളഭാഷാ പഠനം നിര്‍ബന്ധം.സിബിഎസ് സി, ഐസിഎസ്‌സി സിലബസുകള്‍ പഠിപ്പിക്കുന്ന സ്കൂളിലടക്കം മലയാള ഭാഷ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ , എയ്ഡഡ്, സിബിഎസ് സി, ഐസിഎസ് സി , സ്വാശ്രയ സ്കൂളുകള്‍ക്കെല്ലാം ബാധകമാകുന്ന തരത്തിലാണ് നിയമം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം പിന്‍വലിക്കുന്നതടക്കം കര്‍ശന വ്യവസ്ഥകളും ഓര്‍ഡിനന്‍സിലുണ്ട്. മലയാളം സംസാരിക്കുന്നത് വിലക്കിയാല്‍ സ്കൂളുകള്‍ക്കാണ് ഇനി പിഴ. മൂന്ന് തവണ പിഴവരുത്തുന്ന സ്കൂളിന്റെ അംഗീകാരം എടുത്ത് കളയാനും നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്. പാഠ്യപദ്ധതിയുടെ ഭാഗമായിട്ടായിരിക്കും മലയാള പഠനം. മലയാളത്തിന് പരീക്ഷയും നടത്തണം. വിദേശത്തുനിന്നോ അന്യ സംസ്ഥാനങ്ങളില്‍ നിന്നോ മലയാളം പഠിക്കാതെ ഉയര്‍ന്ന ക്ലാസുകളില്‍ പ്രവേശനത്തിനെത്തുന്ന കുട്ടികള്‍ക്കും നിയമം ബാധകമാണ്.

ഇവര്‍ക്ക് ആദ്യ വര്‍ഷം പരീക്ഷ ഉണ്ടാകില്ല. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ മലയാളം നിര്‍ബന്ധമാക്കാനാണ് ലക്ഷ്യമിടുന്നത്. മലയാള ഭാഷക്ക് പ്രാമുഖ്യം നല്‍കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഇടതുമുന്നണി പ്രകടന പത്രികയുടെ ചുവടു പിടിച്ചാണ് സര്‍ക്കാര്‍ തീരുമാനം.