ഭാഷയുടെ അപചയത്തിനെതിരെ നിതാന്ത ജാഗ്രത പുലർത്തിയ വ്യക്തിയായിരുന്നു  പന്മന രാമചന്ദ്രൻ നായർ

തിരുവനന്തപുരം: ഭാഷയുടെ അപചയത്തിനെതിരെ നിതാന്ത ജാഗ്രത പുലർത്തിയ വ്യക്തിയായിരുന്നു പന്മന രാമചന്ദ്രൻ നായർ. തുടർച്ചയായ എഴുത്തുകളിലൂടെ ഭാഷയെ തെളിച്ചമുള്ളതാക്കാൻ അദ്ദേഹം യത്നിച്ചു. തെറ്റില്ലാത്ത, തെളിച്ചമുള്ള മലയാളം കേരളീയർക്ക് നൽകുകയായിരുന്നു പന്മനയുടെ ജീവിതലക്ഷ്യം. ഭാഷാശുദ്ധി ലക്ഷ്യമിട്ട് ഒട്ടേറെ പുസ്തകങ്ങൾ രചിച്ച രാമചന്ദ്രൻ നായർ ഇതേ ലക്ഷ്യം വച്ച് അവസാനകാലം വരെയും ക്ലാസുകളും എടുത്തുകൊണ്ടേയിരുന്നു. സര്‍വ്വസാധാരണമായി സംഭവിക്കാറുള്ള അക്ഷരപ്പിശകുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് ആനുകാലികങ്ങളില്‍ നിരന്തരം എഴുതുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍. കുഞ്ചു നായരുടേയും എന്‍. ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി 1931 ൽ ജനിച്ച അദ്ദേഹം സംസ്‌കൃതത്തില്‍ ശാസ്ത്രിയും ഭൗതികശാസ്ത്രത്തിൽ ബിരുദവും നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ പാസായി.

തുടർന്ന് പാലക്കാട്, ചിറ്റൂർ, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഗവ. കോളേജുകളിൽ അധ്യാപകനായി പ്രവർത്തിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ മലയാളവിഭാഗം അധ്യക്ഷനായിരിക്കെ 1987ൽ സർവീസിൽനിന്നു പിരിഞ്ഞു. കേരളഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യപ്രവർത്തക സഹകരണസംഘം എന്നീ സ്ഥാപനങ്ങളുടെ സമിതികളിലും കേരള സർവകലാശാല സെനറ്റിലും അംഗമായിരുന്നു.

തെറ്റില്ലാത്ത മലയാളം , നല്ല ഭാഷ, , ശുദ്ധമലയാളം , തെറ്റും ശരിയും തുടങ്ങിയവയാണ് പ്രധാനകൃതികൾ. ഇതിന് പുറമെ ആശ്ചര്യ ചൂഡാമണി, നാരായണീയം തുടങ്ങിയ സംസ്കൃതകൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.