തിരൂര്‍: ചതുപ്പു ഭൂമി ഉയര്‍ന്നവിലക്ക് വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് മലയാള സര്‍വകലാശാല പിൻമാറി. ഭൂമി വാങ്ങാനുള്ള ശുപാര്‍ശ പുനപരിശോധിക്കണമെന്ന് വൈസ്ചാൻസലര്‍ സര്‍ക്കാരിനോട് ആവശ്യപെട്ടു.വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയില്‍ ഭൂമി വാങ്ങുന്നത് സര്‍വകലാശാലക്ക് കളങ്കമാവുമെന്ന് വൈസ്ചാൻലര്‍ ഉന്നത വിദ്യഭ്യാസ സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.

സദുദ്ദേശത്തോടെയാണ് സര്‍വകലാശാലക്ക് ഭൂമി വാങ്ങാൻ ശ്രമിച്ചതെന്ന് വൈസ് ചാൻസര്‍ പറഞ്ഞു.വിവാദമായ സാഹചര്യത്തില്‍ വേണ്ടെന്ന് വക്കുകയാണ്.ഇനി റവന്യൂ,പരിസ്ഥിതി,മരാമത്ത് മേഖലകളിലെ വിദഗ്ധര്‍ അടങ്ങുന്ന ഉന്നത സമിതി പരിശോധിച്ച് അനുയോജ്യമെന്ന കണ്ടെത്തുന്ന സ്ഥലം മതി സര്‍വകലാശാലക്ക്.അല്ലാതെയുള്ള ഭൂമി ഇടപാട് സര്‍വകലാശാലക്ക് കളങ്കമാണ്.

രാഷ്ട്രീയക്കാരായ 9 റിയല്‍ എസ്റ്റേറ്റുകാരുടെ 17 ഏക്കര്‍ 20 സെന്‍റ് നഞ്ചഭൂമി സര്‍വകലാശാലക്ക് കെട്ടിടം നിര്‍മ്മിക്കാൻ വൻ വിലക്ക് വാങ്ങുന്ന വാര്‍ത്ത് കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്.വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഒരു സെന്‍റിന് 160000 രൂപ നിരക്കിലുള്ള ഭൂമി ഇടപാടിനെതിരെ വിവിധ സംഘടനകള്‍ സമരവുമായി രംഗത്തുവന്നിരുന്നു.

റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയും ഭൂമി ഇടപാടിനെതിരെ അന്വേഷണം ആവശ്യപെട്ട് രംഗത്തുവന്നു.വിവിധ തലങ്ങളില്‍ നിന്ന് എതിര്‍പ്പ് ശക്തമായതോടെയാണ് ഭൂമി ഇടപാടില്‍ നിന്ന് സര്‍വകലാശാല പിൻമാറിയത്.