ദില്ലി: ഹരിയാനയിലെ ബഹദൂര്‍ഗഡില്‍ നിന്നും തട്ടിക്കൊണ്ട് പോയ മലയാളി വിദ്യാര്‍ത്ഥിയെ പോലീസ് ഏറ്റുമുട്ടലിലൂടെ മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയായ പാസ്റ്റര്‍ സേവ്യര്‍മാത്യുവിന്റെ മകന്‍ അഭിഷേക് സേവ്യറെയാണ്(20) കോളേജില്‍ നിന്ന് മടങ്ങും വഴി ഒരു സംഘം തട്ടിക്കൊണ്ട് പോയത്.

യുവാവിനെ തട്ടിക്കൊണ്ട് പോയി അക്രമികള്‍ 75 ലക്ഷം രൂപ മോചന ദ്രവ്യമായി ആവശ്യപ്പെട്ടു. പണം നല്‍കാമെന്ന് പറഞ്ഞ് പോലീസ് അഭിഷേകിന്റെ ബന്ധുക്കളെ സംഘത്തിനടുത്തേക്ക് പറഞ്ഞുവിട്ടു. ഇവരെ പിന്തുടര്‍ന്നെത്തിയ പോലീസ് ഏറ്റുമുട്ടലിലൂടെ അഭിഷേകിനെ രക്ഷപ്പെടുത്തുകയായിരുന്നു.

ഹരിയാനയിലെ ബെരഹി ഗ്രാമത്തില്‍ നിന്നാണ് യുവാവിനെ മോചിപ്പിച്ചതെന്ന് ജജ്ജര്‍ സീനിയര്‍ എസ്പി സതീഷ് ബാലന്‍ അറിയിച്ചു. അക്രമികള്‍ ഒളിച്ചിരുന്ന ചോളപാടത്തിനടുത്തെത്തിയ അഭിഷേകിന്റെ ബന്ധുക്കളോട് അക്രമികള്‍ പണമടങ്ങിയ ബാഗ് എറിഞ്ഞ് നല്‍കാന്‍ ആവശ്യപ്പെട്ടു. ബാഗ് എടുക്കാനായി അക്രമികള്‍ പുറത്ത് വന്ന സമയത്ത് പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.