മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ സംഘപരിവാര്‍ നേതാവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. സിപിഎം അനുകൂലികളാണ് ചന്ദ്രാവത്തിന്റെ ഫേസ്ബുക്ക് പേജില്‍ പിണറായി അനുകൂല കമന്റുകളും തെറിയഭിഷേകവും നടത്തിയിരിക്കുന്നത്. ചന്ദ്രാവത്ത് ഷെയര്‍ ചെയ്‌ത ലൈവ് വീഡിയയ്‌ക്ക് താഴെ, രണ്ടായിരത്തിലേറെ കമന്റുകളാണ് ഇതിനോടകം വന്നത്. മധ്യപ്രദേശിലെ ഉജ്ജയ്നിലെ ആര്‍ എസ് എസ് പ്രമുഖ് ഡോ. ചന്ദ്രാവത്താണ് മുഖ്യമന്ത്രി പിണറായിക്കെതിരെ വധഭീഷണി മുഴക്കിയത്. പിണറായിയെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്നാണ് ഡോ. ചന്ദ്രാവത്ത് ഭീഷണി മുഴക്കിയത്. ഉജ്ജയ്നിയില്‍ നടന്ന പൊതുപരിപാടിയില്‍, സ്ഥലം എംഎല്‍എയുടെയും എംപിയുടെയും സാന്നിധ്യത്തിലാണ് ഡോ. ചന്ദ്രാവത്തിന്റെ വിവാദ പരാമര്‍ശമുണ്ടായത്. തന്റെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റിട്ടായാലും പിണറായിയുടെ തലയറുക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നാണ് ചന്ദ്രാവത്ത് പ്രസ്‌താവിച്ചത്. കഴിഞ്ഞ ആഴ്‌ച ആര്‍ എസ് എസ് ഭീഷണി വകവെയ്‌ക്കാതെ മംഗലാപുരത്ത് പൊതുസമ്മേളനത്തില്‍ സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയത്.