നിയമകുരുക്കിൽപ്പെട്ടവരെ സഹായിക്കാൻ ഫേസ്ബുക്കിലിട്ട ഒരു പഴയ പോസ്റ്റിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ജിദ്ദയിലുള്ള ഒരു മലയാളി. നൂറുകണക്കിനാളുകളാണ്ഇപ്പോഴും രാപകല്‍ ഭേദമന്യേ യുവാവിന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരിക്കുന്നത്.
ഒമ്പത് മാസം മുമ്പ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടതു മുതല്‍ ജിദ്ദയിലുള്ള സമീറിന് വിശ്രമമില്ലാത്ത നാളുകളാണ്. വിസയും പാസ്പോര്‍ട്ടും ഇല്ലാത്ത നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ സൗജന്യമായി പെട്ടെന്ന് നാട്ടിലെത്താന്‍ ബന്ധപ്പെടുക എന്നായിരുന്നു മെസേജ്. നിയമലംഘകരെ നാട്ടിലേക്ക് കയറ്റിവിടാന്‍ സൗദി പാസ്പോര്‍ട്ട് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ വഴി ലഭിച്ച അവസരം ഒമ്പത് മാസം മുമ്പ് തന്നെ അവസാനിച്ചിരുന്നു. പക്ഷെ സമീറിന്റെ മൊബൈല്‍ നമ്പര്‍ സഹിതമുള്ള പഴയ മെസേജ് വാട്സപ്പ് വഴിയും മറ്റും ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. രാപകല്‍ ഭേത്യമാന്യേ സമീറിനുള്ള ഫോണ്‍ വിളികളും തുടരുന്നു.
നേരത്തെ അറുപതോളം മലയാളികള്‍ ഉള്‍പ്പെടെ എഴുപത്തിമൂന്ന് പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇതുവഴി സാധിച്ചതായി സമീര്‍ പറയുന്നു. സൗദി നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. ഇങ്ങനെയുള്ള ആനുകൂല്യം ഇപ്പോള്‍ നിലവിലില്ലെന്നും ഇനിയാരും ഇതിനായി തന്നെ വിളിക്കരുതെന്നുമാണ് സമീറിന്റെ ഇപ്പോഴത്തെ അപേക്ഷ.
