ദില്ലി: കരസേന ഉപമേധാവിയായി മലയാളിയായ ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് നിയമിതനായി. കൊല്ലം കൊട്ടാരക്കര കുറുമ്പാലൂര്‍ സ്വദേശിയാണ് ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ്. ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവിയായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ശരത് ചന്ദ് ഉപമേധാവിയായി നിയമിതനായത്.

രാജസ്ഥാന്‍-പഞ്ചാബ് മേഖല ഉള്‍പ്പടുന്ന സൗത്ത് വെസ്റ്റ് കമാന്‍ഡിന്റെ മേധാവിയായിരുന്നു.1979 ല്‍ ഗഢ്‌വാള്‍ റൈഫിള്‍സിലാണ് ശരത് ചന്ദ് സൈനിക സേവനം ആരംഭിച്ചത്. കഴക്കൂട്ടം സൈനിക സ്‌കൂള്‍, പൂന നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജ്, ഡെല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

37 വര്‍ഷത്തെ സൈനിക ജീവിതത്തിനിടയില്‍ നിരവധി സൈനിക നടപടികള്‍ പങ്കാളിയായിട്ടുണ്ട്. സൊമാലിയയിലെ യു.എന്‍ മിഷനിലും, എല്‍.ടി.ടി.ഇക്കെതിരായ ലങ്കയിലെ ഇന്ത്യന്‍ സമാധാന സൈനിക നടപടിയിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.