Asianet News MalayalamAsianet News Malayalam

കാട്ടുപന്നിയുടെ മാംസം കഴിച്ച് കോമയിലായ കുടുംബം ഗുരുതരാവസ്ഥയില്‍ തുടരുന്നു

malayali family after eating wild bore relatives travels to new zealand
Author
First Published Nov 23, 2017, 7:45 AM IST

കൊട്ടാരക്കര: ന്യൂസീലാന്റില്‍ കാട്ടുപന്നിയുടെ മാംസം കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തിന് ആരോഗ്യം വീണ്ടെടുക്കാന്‍ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്ന് വിദഗ്ദ മെഡിക്കല്‍ സംഘം. കൊട്ടാരക്കര സ്വദേശിയായ  ഷിബു കൊച്ചുമ്മന്‍, ഭാര്യ സുബി ബാബു, മാതാവ് ഏലിക്കുട്ടി എന്നിവരാണ് ന്യൂസിലാന്റിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഏലിക്കുട്ടിയുടെ നിലയില്‍ ചെറിയ പുരോഗതിയുണ്ടെങ്കിലും ഷിബുവിന്റെയും സുബിയുടെയും നിലയില്‍ വലിയ മാറ്റമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

വീട്ടില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ച കുടുംബത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ ഒന്നും ഏഴും വയസ് പ്രായമായ രണ്ട് കുട്ടികള്‍ ഇറച്ചി കഴിക്കാത്തതിനാല്‍ വിഷബാധയേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഷിബുവിന്റെ സഹോദരി ഷീന, സുബിയുടെ സഹോദരന്‍ സുനില്‍ എന്നിവര്‍ ന്യൂസീലന്റില്‍ എത്തിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം ഇവര്‍ ഏറ്റെടുത്തു. ബോട്ടുലിസം എന്ന രോഗാവസ്ഥയാണ് മൂന്നുപേര്‍ക്കുമുള്ളത്. ശരീരത്തിലെ വിഷാംശം പൂര്‍ണമായും മാറി ഇവര്‍ ബോധം വീണ്ടെടുക്കാന്‍ രണ്ടുമാസമെടുക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.  1983ന് ശേഷം ഇതാദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഇവരെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇവരെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടതെന്ന് ഇവരുടെ കുടുംബസുഹൃത്തായ ജോജി വര്‍ഗീസ് പറയുന്നു. ഭക്ഷണം കഴിച്ച് അരമണിക്കൂറിനകം ശകതമായ ഛര്‍ദി അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ബാബു എമര്‍ജന്‍സി സര്‍വീസില്‍ സഹായം തേടി. മൂവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര ഭക്ഷ്യവിഷബാധയാണ് അപകട കാരണമെന്ന് സഥിരീകരിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂവരും പ്രതികരിക്കുന്നുമില്ല. അഞ്ച് വര്‍ഷം മുമ്പാണ് ഇവര്‍ ന്യൂസിലന്റില്‍ എത്തിയത്.

മാതാവ് സമീപകാലത്ത് വിസിറ്റിങ് വിസയില്‍ എത്തിയതുമായിരുന്നു. വേട്ടയാടി കഴിച്ച കാട്ടുപ്പന്നിയുടെ മാംസമാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് നിഗമനം. ന്യൂസിലാന്റിലെ ആരോഗ്യവകുപ്പ് അപകട കാരണം പരിശോധിച്ചുവരികയാണ്. ഇന്ത്യന്‍ എംബസിയുടെയും മലയാളി സമാജത്തിന്റെയും മാര്‍ത്തോമ സഭയുടെയും സഹായം കുടുംബത്തിന് ലഭിക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios