ജിദ്ദ; ഒന്നര വര്‍ഷമായി സൗദിയില്‍ ജയില്‍വാസം അനുഭവിച്ചിരുന്ന മലയാളി യുവാവ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇടപെടല്‍ മൂലം ജയില്‍ മോചിതനായി. ഭര്‍ത്താവ് ജയിലില്‍ ആയിരിക്കെ ജിദ്ദയില്‍ ദുരിതമനുഭവിച്ച ഭാര്യയും കുട്ടികളും പൊതുപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെയും സഹായത്തോടെ ഏതാനും ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു.
സ്പോണ്‍സറുമായുള്ള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ജിദ്ദയില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന കൊണ്ടോട്ടി സ്വദേശി ബഷീറിനെ കുറിച്ചുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. എണ്‍പത്തിനാലായിരം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കാതെ രോഗിയായ ബഷീറിന്റെ ജയില്‍ മോചനം അനന്തമായി നീളുന്നതും, ജിദ്ദയിലെ റൂമില്‍ ബഷീറിന്റെ ആറംഗ കുടുംബം ദുരിതം അനുഭവിക്കുന്നതും ശ്രദ്ധയില്‍ പെട്ട ജിദ്ദയിലെ മലയാളീ പൊതുപ്രവര്‍ത്തകര്‍ ബഷീര്‍ സഹായ സമിതി രൂപീകരിച്ചു രംഗത്തിറങ്ങി.
ഈ സമിതി സ്പോണ്‍സറുമായി സംസാരിച്ചു നഷ്ടപരിഹാരത്തുക അമ്പതിനായിരം റിയാലാക്കി കുറച്ചു ആ തുക കോടതിയില്‍ കെട്ടിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബഷീര്‍ ജയില്‍ മോചിതനായി. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടു ഔട്ട്‌പാസും ഫൈനല്‍ എക്സിറ്റും സംഘടിപ്പിച്ചു.
കോണ്‍സുലേറ്റില്‍ വെച്ച് കോണ്‍സുല്‍ മോയിന്‍ അക്തര്‍ ഔട്ട്‌പാസ് ബഷീറിനു കൈമാറി. ബഷീര്‍ സഹായസമിതി ഭാരവാഹികളായ അബ്ദുല്‍ ഹഖ്, അബ്ദുറഹ്മാന്‍ വണ്ടൂര്‍ എന്നിവര്‍ നാട്ടിലേക്കുള്ള വിമാനടിക്കറ്റും കൈമാറി. സഹായിച്ച ഏഷ്യാനെറ്റ് ന്യൂസിനും, കോണ്‍സുലേറ്റിനും, സഹായസമിതി അംഗങ്ങള്‍ക്കും, വ്യവസായികള്‍ക്കുമെല്ലാം ബഷീര്‍ നന്ദി പറഞ്ഞു.
ബഷീര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. താമസ രേഖകളുടെ കാലാവധി കഴിഞ്ഞു ജിദ്ദയിലെ റൂമില്‍ കഴിയുകയായിരുന്ന ബഷീറിന്റെ കുടുംബത്തെ സഹായസമിതിയും കോണ്‍സുലേറ്റും ഇടപെട്ടു ഏതാനും ദിവസം മുമ്പ് നാട്ടിലേക്ക് അയച്ചിരുന്നു.
